മലപ്പുറം : ദേശീയപാതയില്‍ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവും ഗതാഗത കുരുക്കുള്ള വളാഞ്ചേരി നഗരവും ഒഴിവാക്കി യാത്ര ചെയ്യാവുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷനായിരുന്നു. എം.എല്‍.എ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ മുഖ്യാതിഥിയായി.

നാടിന്റെ പതിറ്റാണ്ടായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. പ്രളയവും കോവിഡും തീര്‍ത്ത സാങ്കേതിക-സാമ്പത്തിക-പ്രായോഗിക പ്രശ്‌നങ്ങള്‍ മറികടന്നാണ് കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ശിലാസ്ഥാപന കര്‍മവും മന്ത്രി നിര്‍വഹിച്ചു.

കഞ്ഞിപ്പുര മുതല്‍ മൂടാല്‍ വരെ ആറ് കിലോമീറ്ററോളം നിലവിലുള്ള റോഡ് വീതി കൂട്ടുന്നതിനായി 15 മീറ്ററോളം വീതിയിലാണ് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയത്. സ്ഥലം ഏറ്റെടുക്കുന്നവര്‍ക്കുള്ള നഷ്ട പരിഹാര വിതരണവും ഏറെക്കുറെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്ഥലേറ്റെടുക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 33.64 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

രണ്ട് ഘട്ടങ്ങളിലായി 12 മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള റോഡ് വീതി കൂട്ടുന്നതോടൊപ്പം പരമാവധി വളവുകള്‍, ചെങ്കുത്തായ കയറ്റിറക്കങ്ങള്‍ എന്നിവ ഒഴിവാക്കിയാണ് ബൈപ്പാസ് ഒരുക്കുന്നത്. ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തികള്‍, ഓടകള്‍, കലുങ്കുകള്‍ എന്നിവയും നിര്‍മിക്കും. റോഡ് നിര്‍മാണത്തിന് മാത്രമായി 13.42 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

ബൈപ്പാസ് വരുന്നതോടെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറ ഒഴിവാക്കി ടാങ്കര്‍ ലോറികള്‍ ഉള്‍പ്പടെ ചരക്ക് വാഹനങ്ങള്‍ക്ക് ഈ പാത ഉപയോഗിക്കാനാകും. തൃശൂര്‍ – കോഴിക്കോട് ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് വളാഞ്ചേരിയില്‍ പ്രവേശിക്കാതെ പോകാമെന്നതാണ് മറ്റൊരു പ്രധാന നേട്ടം.