വയനാട്  : എടവക ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ 250 റോഡുകള്‍  പൂര്‍ത്തിയായി. ഇതോടെ ഗ്രാമപ്രദേശങ്ങളിലേക്കുള്ള സഞ്ചാരപാതയാണ്
ഗതാഗത യോഗ്യമായത്.8 കോടി 50 ലക്ഷം രൂപയുടെ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികളാണ് എടവക ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്തത്.5 വര്‍ഷം കൊണ്ട് ലൈഫ് ഭവനപദ്ധതിയിലൂടെ 2250 ഓളം വീടുകള്‍ ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ പഞ്ചായത്തിനു കഴിഞ്ഞു.
കാര്‍ഷിക രംഗത്ത് ഒട്ടനവധി ജലസേചന പദ്ധതികള്‍, കനാല്‍ നിര്‍മ്മാണം, ചെക്ക്ഡാമുകള്‍, പവ്വര്‍ ടില്ലറുകള്‍, മെതിയന്ത്രം, സ്പെയറുകള്‍ തുടങ്ങിയവ എടവക ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കി.

മികച്ച ഗ്രാമസഭ നടത്തിപ്പിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഗൗരവ് അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ കേരളം പുരസ്‌കാരം എന്നിവയും പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ കിണര്‍, ടാങ്ക്, മോട്ടോര്‍, വാട്ടര്‍ അതോറിറ്റി പെപ്പ് ലൈന്‍ നീട്ടല്‍, മഴവെള്ള സംഭരണി, കുളങ്ങള്‍ തുടങ്ങിയ ശ്രദ്ധേയമായ അടിസ്ഥാന സംവിധാനങ്ങള്‍ ഒരുക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. വനിതകളുടെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക നില ഉയര്‍ത്തുന്നതിനുതകുന്ന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ജില്ലയിലെ മികച്ച പി.എച്ച്.സിക്കുള്ള കായകല്‍പ്പം അവാര്‍ഡ് എടവക പി.എച്ച്.സിക്ക് ലഭിച്ചിട്ടുണ്ട്.

ചെറുകിട കാര്‍ഷിക സംരംഭങ്ങള്‍, ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയ ഒട്ടനവധി പദ്ധതികളിലൂടെ സ്ത്രീശാക്തീകരണം സാധ്യമായി. വിദ്യാഭ്യാസ രംഗത്ത് അക്കാദമിക മികവുകള്‍ രൂപപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. പഞ്ചായത്തിലെ 33 അംഗണവാടികളിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാനും, ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കാനും കഴിഞ്ഞു. കളിക്കോപ്പുകള്‍ പഠനോപകരണങ്ങള്‍ എന്നിവയെല്ലാം ലഭ്യമാക്കിയിട്ടുണ്ട്.സദ്ഭരണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ റിക്കാര്‍ഡ് റൂം സജ്ജീകരിക്കുകയും.

ടച്ച് സ്‌ക്രീന്‍ സ്ഥാപിക്കുക വഴി സമഗ്ര വിവരവ്യൂഹം ഏര്‍പ്പെടുത്തുകയും ചെയ്യുകയും തുടര്‍ച്ചയായി രണ്ടാംവട്ടവും ഐ എസ് ഒ സര്‍ട്ടിഫിക്കേറ്റ് നേടുകയും ചെയ്തു. പഞ്ചായത്ത് ഓഫീസ് കെട്ടിടം മികച്ച രീതിയില്‍ ക്രമീകരിക്കുകയും, കമ്പ്യൂട്ടറിന്റെ സേവനം, ഫ്രണ്ട് ഓഫീസ് സംവിധാനം എന്നിവ ഏര്‍പ്പെടുത്തുക വഴി മാതൃകാപരമായ സേവന വിതരണം നടപ്പിലാക്കുവാന്‍ കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വരാജ് ട്രോഫി അവാര്‍ഡ് ലഭിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും വസ്തുനികുതി പിരിവ് നൂറ് ശതമാനമാക്കുന്നതിന് സാധിച്ചു. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കുടിവെള്ള വിതരണത്തിനായി 20 ലക്ഷം രൂപ ചെലവില്‍ ടാങ്കുകള്‍ നിര്‍മ്മിച്ചു. പഠനമുറിക്കായി 15 ലക്ഷം രൂപ ചെലവഴിച്ചു.

ജില്ലയില്‍ത്തന്നെ മറ്റൊരു പഞ്ചായത്തും നടപ്പിലാക്കിയിട്ടില്ലാത്ത എസ് ടി. മേഖലയിലെ യുവതി യുവാക്കള്‍ക്ക് 8 ഗ്രൂപ്പുകളാക്കി വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. 22 ലക്ഷം രൂപ ചെലവില്‍ കട്ടില്‍ വിതരണം നടത്തി. വയോജനങ്ങള്‍ക്ക് പുനര്‍ജനിയിലൂടെ 45 ലക്ഷം രൂപയുടെ സേവന സഹായം ലഭ്യമാക്കി. വിദ്യാഭ്യാസ മേഖലയില്‍ ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റ് 60 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചു.പഠനമുറി, പഠന വീട്, ജൈവ പാര്‍ക്ക് ഫസ്റ്റ് എയ്ഡ് ബോക്സ്, സ്മാര്‍ട്ട് ക്ലാസ്സുകള്‍ എന്നിവ ആരംഭിച്ചു.ആരോഗ്യമേഖലയില്‍ 3 കോടി രൂപയുടെ പദ്ധതികളാണ്നടപ്പിലാക്കിയിരിക്കുന്നത്.

പി.എച്ച്.എസികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി.സണ്‍ഡേ ഒ.പി. ഈവണിംഗ് ഒ.പി.സജ്ജീകരിച്ചു. ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകള്‍ക്ക് പുനരധിവസിക്കാന്‍ 14 ലക്ഷം രൂപ ചെലവില്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിച്ചു. 30 ലക്ഷം രൂപ ചെലവില്‍ സ്ട്രീറ്റ് മെയിന്‍ ലൈന്‍ സ്ഥാപിച്ചു. മികച്ച ജൈവ പഞ്ചായത്തിനുള്ള അവാര്‍ഡ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭ്യമായി.ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുവിനിയോഗം ഉത്പാദന മേഖലയിലും സേവന മേഖലയിലും അടിസ്ഥാന സൗകര്യ വികസന മേഖലയിലും പുഷ്ടി പ്രാപിക്കാന്‍ കാരണമായി. ഭക്ഷ്യ സുരക്ഷയെ മുന്‍നിര്‍ത്തി നെല്‍ക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നെല്‍ക്കൃഷിയ്ക്ക് കൂലിച്ചെലവ് സബ്സിഡി, നെല്‍ക്കൃഷി പ്രോത്സാഹനം, പുതിയ ജലസേചനം, കരനെല്‍ക്കൃഷി പ്രോത്സാഹനം, ചെറുകിടയന്ത്രവല്‍ക്കരണം, എന്നിവയുടെ ഘട്ടം ഘട്ടമായുള്ള നിര്‍വ്വഹണം വഴി ഉല്പ്പാദനക്ഷമത വര്‍ധിപ്പിക്കുവാന്‍ കഴിഞ്ഞു.

നെല്‍ക്കൃഷി വികസനത്തിനും , കാര്‍ഷിക നഴ്സറി ഒരുക്കുന്നതിനും മറ്റുമായി ഉപയോഗപ്പെടുത്തിയതുവഴി തുടര്‍ച്ചയായി ദേശീയതലത്തില്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ദാരിദ്ര ലഘൂകരണത്തിനായി പുതിയ സ്വയംതൊഴില്‍ യൂണിറ്റുകള്‍ ആരംഭിക്കാനും സാധിച്ചു. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച എടവക ഗ്രാമ പഞ്ചായത്ത് പുതിയ വികസനത്തിന്റെ മുന്നേറ്റത്തിലാണ്.