എറണാകുളം : കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമായി കെ.എം.ആർ.എൽ വിഭാവനം ചെയ്യുന്ന ബ്ളിസ് സിറ്റി പദ്ധതിക്കായുള്ള ഭൂമിയുടെ പട്ടയം ജില്ലാ കളക്ടർ എസ്. സുഹാസ് കെ.എം.ആർ.എൽ എം.ഡി. അൽകേഷ് കുമാർ ശർമ്മക്ക് കൈമാറി. വാഴക്കാല വില്ലേജിൽ ഉൾപ്പെടുന്ന കാക്കനാടുള്ള 17.43 ഏക്കർ ഭൂമിയാണ് കെ.എം.ആർ.എല്ലിന് കൈമാറിയത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഭൂമിയാണിത്. കൊച്ചി മെട്രോയുടെ അനുബന്ധ പദ്ധതിയായി വിഭാവനം ചെയ്തിട്ടുള്ള ബ്ളിസ് സിറ്റിയിൽ വിനോദ വ്യവസായങ്ങൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയവയാണ് ഉണ്ടാവുക. പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്.