തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവില്‍ വന്നതിനാല്‍    ഉദ്യോഗസ്ഥര്‍ പെരുമാറ്റച്ചട്ടം  കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന  ഉദ്യോഗസ്ഥതല യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം പറഞ്ഞത്.

സമൂഹ മാധ്യമങ്ങള്‍ വഴി ബോധപൂര്‍വമോ അല്ലാതെയോ  തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. വിജ്ഞാപനം പുറത്തിറങ്ങുന്നതിന് മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചുമതലപ്പെട്ടവര്‍  പൂര്‍ത്തിയാക്കണം കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാതല ഇലക്ഷന്‍ പ്ലാന്‍ രൂപീകരണം, വോട്ടിംഗ് മെഷീനുകളുടെ പരിശോധന, നാമനിര്‍ദേശ പത്രിക വിതരണം, പോളിംഗ് ഓഫീസര്‍മാര്‍ക്ക് ബ്ലോക്കുകളിലും കോര്‍പ്പറേഷനിലും നല്‍കുന്ന പരിശീലനങ്ങള്‍ തുടങ്ങിയവയുടെ ചുമതലകള്‍  ബന്ധപ്പെട്ട  ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നല്‍കി.