കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന പൂര്‍ത്തിയായി. ഗ്രാമപഞ്ചായത്തുകളിലേക്കുള്ള മള്‍ട്ടി പോസ്റ്റ് യന്ത്രങ്ങളുടെ 2450 കണ്‍ട്രോള്‍ യൂണിറ്റുകളും 7350 ബാലറ്റ് യൂണിറ്റുകളും മുനിസിപ്പാലിറ്റികളില്‍ ഉപയോഗിക്കുന്ന സിംഗിള്‍ പോസ്റ്റ് യന്ത്രങ്ങളുടെ 400 വീതം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളുമാണ് പരിശോധിച്ചത്.
പരിശോധന പൂര്‍ത്തിയാക്കിയ യന്ത്രങ്ങളുടെ ഒരു ശതമാനം തിരഞ്ഞെടുത്ത് മോക്ക് പോള്‍ നടത്തി പ്രവര്‍ത്തനം കൃത്യമെന്ന് ഉറപ്പാക്കി. ഏറ്റുമാനൂരിലെ ഇ.വി.എം വെയര്‍ ഹൗസില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു മോക് പോള്‍.
തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി മനോജിന്റെ നേതൃത്വത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ എന്‍.എസ്. സുരേഷ് കുമാര്‍, എസ്.പി. സുമോദ് എന്നിവരും ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക വിദഗ്ദ്ധരുമാണ് പരിശോധനാ നടപടികള്‍ നിര്‍വഹിച്ചത്.
തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക ഉള്‍പ്പെടെയുള്ള ഫോമുകള്‍ ഇന്നലെ കളക്ടറേറ്റില്‍ എത്തി. ബ്ലോക്ക്, മുനിസിപ്പല്‍ തല തിരഞ്ഞെടുപ്പ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം നവംബര്‍ ഒമ്പത്, പത്ത് തീയതികളില്‍ കളക്ടറേറ്റിലെ നാഷണല്‍ സേവിംഗ്‌സ് ഹാളില്‍ നടക്കും. ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ബ്ലോക്ക്, മുനിസിപ്പല്‍ തല ട്രെയിനര്‍മാര്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പടുന്നവര്‍ക്ക് പിന്നീട് പരിശീലനം നല്‍കും