കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി കോവിഡ് പ്രതിരോധം ഉറപ്പാക്കി കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന വിലയിരുത്തി. വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ മേധാവികള്‍ വിശദമാക്കി.

എരുമേലി ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലോ ഇടത്താവളങ്ങളിലോ ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കാന്‍ അനുവാദമില്ല. അഞ്ചു പേരില്‍ അധികമുള്ള പേട്ടതുള്ളല്‍, ഘോഷയാത്രകള്‍ തുടങ്ങിയവ വാഹനത്തിലോ കാല്‍നടയായോ നടത്താന്‍ പാടില്ല.

ഇതുവരെ ലഭിച്ച അറിയിപ്പുകള്‍ പ്രകാരം മണ്ഡല കാലത്ത് ആറു സ്പെഷ്യല്‍ ട്രെയിനുകള്‍ മാത്രമാണുണ്ടാകുക. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ചുള്ള പരിശോധയ്ക്കുവേണ്ട ക്രമീകരണങ്ങളും ടാക്സി കൗണ്ടറും സജ്ജമാക്കും. എരുമേലിയിലേക്ക് കെ.എസ് ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വീസ് ഏര്‍പ്പെടുത്തും. ടാക്സി കാറുകളില്‍ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ക്യാബിന്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.

കോട്ടയം റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍, തിരുനക്കര ക്ഷേത്ര പരിസരം, മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ശുചിത്വം ഉറപ്പു വരുത്തും. മാലിന്യശേഖരണത്തിനും ശുചീകരണത്തിനും കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പോലീസ് സേനയെ വിന്യസിക്കുകയും ഇടത്താവളങ്ങളില്‍ പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും ചെയ്യും. എരുമേലിയില്‍ റവന്യു വകുപ്പിന്‍റെ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

തീര്‍ത്ഥാടകര്‍ക്കുള്ള ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. കോട്ടയം ജനറല്‍ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി, പാമ്പാടി, എരുമേലി, മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സാ സൗകര്യം ഒരുക്കും.

റെയില്‍വേ സ്റ്റേഷനിലും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റിലും പ്രധാന ഇടത്താവളങ്ങളിലും കോവിഡ് കിയോസ്കുകള്‍ സ്ഥാപിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണം.ആന്‍റിജന്‍ പരിശോധയ്ക്കുള്ള സൗകര്യം, ആവശ്യത്തിന് ആംബുലന്‍സുകള്‍, പിപിഇ കിറ്റുകള്‍, മാസ്കുകള്‍ എന്നിവ ക്ഷേത്രങ്ങള്‍ക്കു സമീപമുള്ള പി.എച്ച്.സികളില്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

എരുമേലി പേട്ടതുള്ളലിനുള്ള സാമഗ്രികള്‍ തീര്‍ത്ഥാടകര്‍ സ്വന്തമായി വാങ്ങി ഉപയോഗിക്കണം. വാടകയ്ക്ക് എടുക്കുകയോ കൈമാറുകയോ ചെയ്യാന്‍ പാടില്ല. രാസസിന്ദൂരം ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. പകരമായി ജൈവ സിന്ദൂരത്തിൻ്റെ ലഭ്യത ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണം.

മണിമലയാറ്റിലെയും മീനച്ചിലാറ്റിലെയും കൈത്തോടുകളിലും കുളിക്കടവുകളിലും മറ്റ് ജലസ്രോതസുകളിലും ക്ഷേത്രക്കുളങ്ങളിലും തീര്‍ത്ഥാടകര്‍ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം. മാലിന്യ നിര്‍മാര്‍ജ്ജനത്തിനുള്ള ക്രമീകരണങ്ങള്‍ അതത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

പൊതു ടോയ്ലറ്റുകളുടെയും കുളിമുറികളുടെയും ഉപയോഗത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മലയാളം ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം.

ലൈസന്‍സ് നല്‍കുന്ന താത്കാലിക കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്ത നാനുമതിയുള്ളത്. ഊണിന് അഞ്ചു രൂപ വീതം വര്‍ധിപ്പിച്ചത് ഒഴിച്ചാല്‍ ഭക്ഷണ സാധനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ നിരക്കുതന്നെയായിരിക്കും. കടകളില്‍ വിലനിലവാര ബോര്‍ഡ് വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം. ഇക്കാര്യം പൊതുവിതരണ വകുപ്പ് ഉറപ്പാക്കണം. എരുമേലിയിലും മറ്റ് ഇടത്താവളങ്ങളിലും പരിസരങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും കച്ചവടസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടഫിക്കറ്റ് ഉണ്ടായിരിക്കണം.

എക്സൈസ്, വനം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ എരുമേലിയിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഇവിടെ ഇന്‍റലിജന്‍സ്, എന്‍ഫോഴ്സ്മെന്‍റ് വിഭാഗങ്ങളുടെ ഷാഡോ ടീമുകളെയും വിന്യസിക്കും.

പ്രധാന റോഡുകളില്‍ അപകട സാധ്യതയുള്ള ഭാഗങ്ങളില്‍ വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തെ ചുമതലപ്പെടുത്തി. കണമലയിലെ ക്രാഷ് ബാരിയറിന്‍റെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കും. പാതയോരത്തെ കയ്യേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കും. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ജീവനക്കാരെ 15 ദിവസത്തിലൊരിക്കൽ കോവിഡ് ടെസ്റ്റിന് വിധേയരാക്കും.

എരുമേലിയില്‍ വാഹന പാര്‍ക്കിംഗ് സൗകര്യങ്ങളും ടോയ്ലെറ്റുകളും സജ്ജമായിവരുന്നു. ദേവസ്വം ബോര്‍ഡ് നിശ്ചയിക്കുന്ന പാര്‍ക്കിംഗ് ഫീസ് മാത്രമേ സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങളിലും ഈടാക്കാവൂ.
മേഖലയില്‍ ദേവസ്വം ബോര്‍ഡിന്‍റെയും പഞ്ചായത്തിന്‍റെയും കര്‍ശന പരിശോധന ഉണ്ടായിരിക്കും.
എല്ലാ കേന്ദ്രങ്ങളിലും കുറ്റമറ്റ സജ്ജീകരണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.