ആലപ്പുഴ : ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കേണ്ടത് 1565 ജനപ്രതിനിധികളെ. ജില്ലാ പഞ്ചായത്ത് -23, ബ്ലോക്ക് പഞ്ചായത്ത്-158, ഗ്രാമപഞ്ചായത്ത്-1169, മുനിസിപ്പാലിറ്റികള്‍- 215 എന്നിങ്ങനെയാണ് കണക്ക്.

ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 158 ഡിവിഷനുകള്‍ ആണ് ഉള്ളത്.
ഏറ്റവും കൂടുതല്‍ വാര്‍ഡുകളുള്ള ഗ്രാമപഞ്ചായത്തുകള്‍ മണ്ണഞ്ചേരിയും മാരാരിക്കുളം തെക്കുമാണ് . രണ്ട് പഞ്ചായത്തുകളിലും 23 വാര്‍ഡുകള്‍ വീതമാണുള്ളത്. 15 പഞ്ചായത്തുകളില്‍ ആണ് വാര്‍ഡുകള്‍ കുറവുള്ളത്. 13 വാര്‍ഡുകള്‍ വീതമാണ് ഉള്ളത്.

ജില്ലയിലെ ആറു മുന്‍സിപ്പാലിറ്റികളില്‍ കൂടുതല്‍ ഡിവിഷനുകളുള്ളത് ആലപ്പുഴയിലാണ് – 52 വാര്‍ഡുകള്‍. ഏറ്റവും കുറവ് വാര്‍ഡുകള്‍ ഉള്ളത് ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി – 27 വാര്‍ഡുകള്‍.

ജില്ലയില്‍ ആകെ 2278 പോളിംഗ് ബൂത്തുകളുണ്ടാകും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ക്ക് 1989 ഉം മുനിസിപ്പാലിറ്റികളില്‍ 282 ഉം. ഏറ്റവുമധികം ബൂത്തുകളുള്ള ഗ്രാമപഞ്ചായത്ത് മാരാരിക്കുളം തെക്ക് പഞ്ചായത്താണ് . ഇവിടെ 53 ബൂത്തുകളാണുള്ളത്. ഏറ്റവും കുറവ് ബൂത്തുകള്‍ പെരുമ്പളം പഞ്ചായത്തില്‍ ആണ്. 13 ബൂത്തുകള്‍ ആണ് ഉള്ളത്.