കൊച്ചി: സാമ്പത്തികവര്‍ഷം പൂര്‍ത്തിയായപ്പോള്‍ റവന്യൂ റിക്കവറിയിലും ഭൂനികുതി വരുമാനത്തിലും ലക്ഷ്യം ഭേദിച്ച് റെക്കോഡ് നേട്ടവുമായി എറണാകുളം ജില്ല. റവന്യൂ റിക്കവറിയായി 92.14 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 127.75 രൂപയാണ് സമാഹരിച്ചത്. മുന്‍വര്‍ഷം 112.76 കോടി രൂപ ലക്ഷ്യമിടുകയും 69.78 കോടി രൂപ സമാഹരിക്കുകയും ചെയ്ത സ്ഥാനത്താണിത്. 57.97 കോടി രൂപയാണ് മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴുള്ള അധികവരുമാനം.
ഭൂനികുതിയിലും ജില്ല ലക്ഷ്യം ഭേദിച്ചു. 55.33 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 57.11 കോടി രൂപ ഖജനാവിലെത്തി. മുന്‍ വര്‍ഷം 41.1 കോടി രൂപ ലക്ഷ്യമിട്ടപ്പോള്‍ 44.77 കോടി രൂപ ലഭിച്ചു. 12.34 കോടി രൂപയാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അധിക വരുമാനം.
റവന്യൂ റിക്കവറിയില്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്തത് നഗരകേന്ദ്രം ഉള്‍ക്കൊള്ളുന്ന കണയന്നൂര്‍ താലൂക്കാണ് 24.72 കോടി രൂപ. 15.15 കോടി രൂപ നേടിയ കുന്നത്തുനാടിനാണ് രണ്ടാം സ്ഥാനം. 9.43 കോടി രൂപ നേടിയ ആലുവയാണ് മൂന്നാം സ്ഥാനത്ത്. മൂവാറ്റുപുഴ 9.15 കോടി രൂപയും കൊച്ചി 7.88 കോടി രൂപയും പറവൂര്‍ 4.30 കോടി രൂപയും കോതമംഗലം 3.18 കോടി രൂപയും സര്‍ക്കാര്‍ ഖജനാവിലെത്തിച്ചു. 21.44 കോടി രൂപയാണ് കെ.എസ്.എഫ്.ഇയില്‍ നിന്നുള്ള റവന്യൂ റിക്കവറി വരുമാനം. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ 32.46 കോടി രൂപയുടെയും റിക്കവറി വരുമാനം കൈവരിച്ചു.
ഭൂനികുതി വരുമാനത്തിലും കണയന്നൂര്‍ താലൂക്കാണ് മുന്നില്‍ – 21.17 കോടി രൂപ. 11.12 കോടി രൂപയുമായി ആലുവ രണ്ടാം സ്ഥാനത്തും 6.13 കോടി രൂപയുമായി മൂവാറ്റുപുഴ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. കുന്നത്തുനാട് താലൂക്ക് 5.97 കോടി രൂപയും പറവൂര്‍ താലൂക്ക് 5.30 കോടി രൂപയും കൊച്ചി താലൂക്ക് 4.11 കോടി രൂപയും കോതമംഗലം താലൂക്ക് 3.29 കോടി രൂപയും ഭൂനികുതി ഇനത്തില്‍ സംസ്ഥാന ഖജനാവിലേക്ക് നല്‍കി. റെക്കോഡ് നേട്ടം കൈവരിക്കാന്‍ ജില്ലയെ പ്രാപ്തമാക്കിയ തഹസില്‍ദാര്‍മാരെയും ജീവനക്കാരെയും കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അഭിനന്ദിച്ചു.