പാലക്കാട്: ഭക്ഷ്യസുരക്ഷ ലൈസന്‍സ് / രജിസ്ട്രേഷന്‍ എന്നിവ എടുക്കുന്നതിനും പുതുക്കുന്നതിനും എഫ്.എസ്.എസ്.എ.ഐ യുടെ പുതിയ ഓണ്‍ലൈന്‍ സൈറ്റ് സംവിധാനം നിലവില്‍ വന്നു. http://foscos.fssai.gov.in ലൂടെ നേരിട്ടോ കോമണ്‍ സര്‍വീസ് സെന്ററുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഭക്ഷ്യ സംരംഭകര്‍ക്കും വിതരണ വില്‍പ്പന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ലൈസന്‍സ് / രജിസ്ട്രേഷന്‍ നേടാവുന്നതാണെന്ന് പാലക്കാട് ഭക്ഷ്യസുരക്ഷ അസി.കമ്മീഷണര്‍ അറിയിച്ചു. പ്രതിവര്‍ഷം 12 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്കും പ്രതിദിന ഉത്പാദനക്ഷമത 100 കിലോഗ്രാമില്‍ താഴെ മാത്രമുള്ള ഭക്ഷ്യ ഉല്‍പാദകര്‍ക്കും രജിസ്ട്രേഷന്‍ എടുത്താല്‍ മതിയാകും. ഒരു വര്‍ഷത്തേക്കാണ് 100 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. തട്ടുകടകള്‍, വഴിയോര കച്ചവടക്കാര്‍ വീടുകളില്‍ നിന്നും ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്നവര്‍ എന്നിവരും ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന്‍ എടുക്കേണ്ടതാണ്.
റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, പലചരക്കു കടകള്‍, വില്‍പ്പന മാത്രം നടത്തുന്ന ബേക്കറികള്‍ കാറ്ററിംഗ് സ്ഥാപനങ്ങള്‍, മറ്റ് ഭക്ഷ്യ വിതരണ വില്‍പ്പന സ്ഥാപനങ്ങള്‍ എന്നിവക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സിന് ഒരു വര്‍ഷത്തേക്ക് 2000 രൂപയാണ് ഫീസ്. ഭക്ഷ്യനിര്‍മ്മാണ യൂണിറ്റുകള്‍ക്ക് ഉത്പാദന ക്ഷമതയുടെ അടിസ്ഥാനത്തില്‍ 3000 മുതല്‍ 5000 വരെയാണ് വാര്‍ഷിക ലൈസന്‍സ് ഫീസ്. ത്രീസ്റ്റാറും അതിനുമുകളിലുമുള്ള ഹോട്ടലുകള്‍ക്ക് 5000 വാര്‍ഷിക ലൈസന്‍സ് ഫീസ്. പ്രതിദിനം രണ്ടു മെട്രിക് ടണ്ണില്‍ കൂടുതല്‍ ഉല്‍പ്പാദന ക്ഷമതയുള്ള നിര്‍മാണ യൂണിറ്റുകള്‍ (ധാന്യസംസ്‌കരണം ഒഴികെ) ഭക്ഷ്യകയറ്റുമതി, ഇറക്കുമതി എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം 20 കോടിയില്‍ കൂടുതല്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ചില പ്രത്യേക ചേരുവകള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്ര ലൈസന്‍സിന്റെ പരിധിയില്‍ വരുന്നതാണ്. ഇവയ്ക്ക് 7500 രൂപയാണ് ഫീസ്. ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിവ അഞ്ച് വര്‍ഷം വരെയുള്ള കാലാവധിക്ക് എടുക്കാവുന്നതാണ്.
വെബിനാര്‍ 18 ന്
ജില്ലയില്‍ ഭക്ഷ്യ ഉത്പാദന വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളേയും ലൈസന്‍സ് രജിസ്ട്രേഷന്‍ പരിധിയില്‍ കൊണ്ടുവരുന്നതിന്റെ ആദ്യഘട്ടമായി ഭക്ഷ്യരംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ക്കായി നവംബര്‍ 18 ന് വൈകിട്ട് മൂന്ന് മുതല്‍ നാലുവരെ വെബിനാര്‍ നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 0491-2505081, 8943346189, 9072379688 ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പാലക്കാട് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.