പൊതുസ്ഥാപനങ്ങളുടെ വസ്തുവകകളിലോ

●കെട്ടിടങ്ങളിലോ തിരഞ്ഞെടുപ്പ് പരസ്യം പാടില്ല

●പ്രചരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രം

1. തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നതിനോ പതിക്കുന്നതിനോ എഴുതുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാപനപേരും പരസ്യത്തോടൊപ്പം ചേർക്കണം.

2. നിലവിലുള്ള നിയമങ്ങൾ അനുശാസിക്കുന്നതിന് വിരുദ്ധമായി പരസ്യം സ്ഥാപിക്കുവാനോ പതിക്കുവാനോ എഴുതുവാനോ വരയ്ക്കുവാനോ പാടില്ല.

3. മറ്റൊരു രാഷ്ട്രീയ കക്ഷിയോ സ്ഥാനർഥിയോ നിയമാനുസൃതം സ്ഥാപിച്ചിട്ടുള്ള പരസ്യം വികൃതമാക്കുകയോ മലിനമാക്കുകയോ മറയ്ക്കുയോ ചെയ്യുന്ന രീതിയിൽ തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുവാനോ പതിക്കുവാനോ എഴുതുവാനോ വരയ്ക്കുവാനോ പാടില്ല.

4. വ്യക്തികളെ അധിക്ഷേപിക്കുന്നതും അശ്ലീലകരവും അപകർത്തീപ്പെടുത്തുന്നതും പ്രകോപനപരമായതും മതവികാരം ഉണർത്തുന്നതും വ്രണപ്പെടുത്തുന്നതും കൊലപതകദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ബീഭത്സമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതുമായ തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുവാനോ പതിക്കുവാനോ എഴുതുവാനോ വരയ്ക്കുവാനോ പാടില്ല.

5. വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പൊതുജനങ്ങൾക്കും മാർഗ്ഗതടസം ഉണ്ടാകുന്നതോ മാർഗ്ഗതടസത്തിനു കാരണമാകുന്നതോ ആയ രീതിയിലോ വാഹനങ്ങൾ സുഗമമായി പോകുന്നതിന് തടസ്സമുണ്ടാകുന്നരീതിയിലോ തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുവാനോ പതിക്കുവാനോ എഴുതുവാനോ വരയ്ക്കുവാനോ പാടില്ല.

6.നടപ്പാതയിലും റോഡുകളുടെ വളവുകളിലും പാലങ്ങളിലും റോഡുകൾക്ക് കുറുകെ ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലും പൊതുജനങ്ങൾക്ക് ശല്യമോ അപകടമോ ഉണ്ടാകുന്ന രീതിയിൽ മറ്റേതെങ്കിലും സ്ഥലത്തും തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുവാൻ പാടില്ല. അതുപോലെ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള പരസ്യങ്ങളോ ഹോർഡിങ്ങുകളോ മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ സ്ഥാപിക്കാൻ പാടില്ല.

7. പൊതുജനങ്ങളുടെയോ മറ്റുവാഹനങ്ങളുടെയോ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന വിധത്തിൽ തിരഞ്ഞെടുപ്പ് പരസ്യം വാഹനങ്ങളിൽ സ്ഥാപിക്കുവാനോ പ്രദർശിപ്പിക്കുവാനോ പാടില്ല.

8.ബന്ധപ്പെട്ട അധികാരികളുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ പൊതുസ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലോ വസ്തുവകകളിലോ ഇലക്ട്രിക്ക് പോസ്റ്റുകളിലോ മൊബൈൽ ടവറുകളിലോ ടെലിഫോൺ പോസ്റ്റുകളിലോ തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുവാനോ പതിക്കുവാനോ എഴുതുവാനോ വരയ്ക്കുവാനോ പാടില്ല.

9.തിരഞ്ഞെടുപ്പ് പരസ്യത്തിനായി സ്ഥാനാർഥികളും രാഷ്ട്രീയകക്ഷികളും പരസ്ഥിതി സൗഹ്യദവും മണ്ണിൽ അലിഞ്ഞുചേരുന്നതും പുനചംക്രമണം ചെയ്യാൻ കഴിയുന്നതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു.

10.തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നതിനായി പ്ലാസ്റ്റിക് പേപ്പറുകൾ, പ്ലാസ്റ്റിക് നൂലുകൾ, പ്ലാസ്റ്റിക് റിബണുകൾ എന്നിവ ഉപയോഗിക്കുവാൻ പാടില്ല.

11. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പ്ലാസ്റ്റിക്, പി.വി.സി തുടങ്ങിയ വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ ഉപയോഗിക്കുവാൻ പാടില്ല.

12. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും കോട്ടൺ തുണി, പേപ്പർ, പോളിഎത്തിലീൻ തുടങ്ങിയ പ്രകൃതി പരിസ്ഥിതി സൗഹർദ വസ്തുക്കളും , പുനചംക്രമണം ചെയ്യുവാൻ കഴിയുന്ന മറ്റു വസ്തുക്കളും എന്നിവ ഉപയോഗിക്കണം.

13. വോട്ടെടുപ്പിനുശേഷം പോളിങ് സ്‌റ്റേഷനുകളിൽ അവശേഷിക്കുന്ന പേപ്പറുകളും മറ്റു വസ്തുക്കളും നീക്കം ചെയ്യുന്നതിനും അവ നശിപ്പിക്കുന്നതിനുമുള്ള നടപടി അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ സ്വീകരിക്കണം.

14. വിതരണ സ്വീകരണ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടെണ്ണലിനുശേഷം അവശേഷിക്കുന്ന പേപ്പറുകളും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുന്നതിനും നശിപ്പിക്കുന്നതിനുമുള്ള നടപടി അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, മുനിസിപ്പൽ സെക്രട്ടറിമാർ, മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിമാർ എന്നിവർ സ്വീകരിക്കണം.
15. പോളിങ് സ്‌റ്റേഷനുകളിലും വിതരണ സ്വീകരണ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വോട്ടെടുപ്പ്, വോട്ടെണ്ണൽ ദിവസങ്ങളിൽ പഴയതും ഉപയോഗ ശൂന്യമായതുമായ ജൈവ അജൈവ വസ്തുക്കൾ നിക്ഷേപിക്കുന്നതിന് ഓരോ ക്യാരി ബാഗുകൾ വീതം ലഭ്യമാക്കുന്നതിന് മേൽപ്പറഞ്ഞ സെക്രട്ടറിമാർ നടപടി സ്വീകരിക്കണം.

16. മേൽപ്പറഞ്ഞ കേന്ദ്രങ്ങളിൽ ഉപയോഗിച്ച ബയോ മെഡിക്കൽ വേ്‌സ്റ്റുകളിൽ മാസ്‌ക്, ഗ്ലൗസ് എന്നിവ പ്രത്യേകം പ്രത്യേകം ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിനായി യഥാക്രമം മഞ്ഞ, ചുവപ്പ്, എന്നീ നിറങ്ങളിലെ രണ്ടു ക്യാരി ബാഗുകൾ കൂടി മേൽപ്പറഞ്ഞ സെക്രട്ടറിമാർ ലഭ്യമാക്കേണ്ടതും ശാസ്ത്രീയ രീതിയിൽ സംസ്‌കരിക്കുന്നതിന് തുടർനടപടി സ്വീകരിക്കേണ്ടതുമാണ്.

17.വോട്ടെടുപ്പ് അവസാനിച്ചാൽ ഉടൻ തന്നെ അതത് സ്ഥാനാർഥികളും രാഷ്ട്രീയ കക്ഷികളും തിരഞ്ഞെടുപ്പ് പരസ്യം നീക്കം ചെയ്ത് നശിപ്പിക്കുകയോ പുനചംക്രമണം ചെയ്യുന്നതിന് ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറുകയോ ചെയ്യണം. ഇപ്രകാരം നീക്കം ചെയ്യുന്നില്ലെങ്കിൽ വോട്ടെടുപ്പ് അവസാനിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി പ്രസ്തുത പരസ്യം നീക്കം ചെയ്ത് നശിപ്പിക്കുന്നതിനോ പുനചംക്രമണം നടത്തുന്നതിന് ഏജൻസികൾക്ക് കൈമാറുന്നതിനോ നടപടികൾ സ്വീകരിക്കേണ്ടതും ഇതിന്റെ ചെലവ് പരസ്യത്തിന്റെ ഗുണഭോക്താവായ സ്ഥാനർഥിയിൽ നിന്നും ഈടാക്കണം.

18. പോളിങ് സ്‌റ്റേഷൻ, വിതരണ സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നീവയ്ക്കായി ഉപയോഗിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പൊതു സ്വകാര്യ കെട്ടിടങ്ങളിലെ ചുമരുകളിലും പരസരത്തും ബോധവൽക്കരണത്തിനായി കമ്മീഷന്റെ നിർദ്ദേശാനുസരണം പതിക്കുന്ന പോസ്റ്ററുകളും ബോർഡുകളും മറ്റും നീക്കം ചെയ്ത് വൃത്തിയാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ആവശ്യമായ നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങള്‍ എല്ലാ സ്ഥാനാര്‍ത്ഥികളും വ്യക്തികളും രാഷ്ട്രീയ കക്ഷികളും പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.