തിരുവനന്തപുരം ജില്ലയില്‍ എലിപ്പനി കൂടുതലായി റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു അറിയിച്ചു.  ജില്ലയില്‍ ഈവര്‍ഷം മാത്രം അഞ്ചുപേരുടെ മരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  16 മരണങ്ങളും 150 കേസുകളും എലിപ്പനി കാരണമാണെന്നും സംശയിക്കുന്നുണ്ട്.  ഈ സാഹചര്യത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ജോലിചെയ്യുന്നവര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍ എന്നിങ്ങനെ രോഗസാധ്യത കൂടുതലുള്ളവര്‍ തൊഴിലെടുക്കുമ്പോള്‍ നിര്‍ബന്ധമായും കയ്യുറയും കാലുറയും ധരിക്കണം.

എലി, അണ്ണാന്‍, പൂച്ച, പട്ടി, മുയല്‍, കന്നുകാലികള്‍ തുടങ്ങിയവയുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന ജലവുമായി സമ്പര്‍ക്കം ഉണ്ടാകാതെ ശ്രദ്ധിക്കണം.  പനി, തലവേദന, കാലുകളിലെ പേശികളില്‍ വേദന, കണ്ണിന് മഞ്ഞ-ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞു കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. രോഗസാധ്യത കൂടുതലുള്ളവര്‍ എലിപ്പനി പ്രതിരോധത്തിനായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം.  ഡോക്സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും.