തെരഞ്ഞെടുപ്പിന് മുന്നോടിയായി തോക്ക് ലൈസന്‍സ് ഉള്ള എല്ലാവരും തോക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നവംബര്‍ 16 നകം സറണ്ടര്‍ ചെയ്യണം.തോക്ക് സറണ്ടര്‍ ചെയ്താല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന രസീത് കളക്ടറേറ്റിലെ എഡിഎമ്മിന്റെ ഓഫീസിലേക്ക് ഇ-മെയില്‍ മുഖാന്തിരമോ,( kascoll.ker@nic.in ) നേരിട്ടൊ ഹാജാക്കണം. തോക്ക് സറണ്ടര്‍ ചെയ്യുന്നതില്‍, ഉദാസീനത കാണിച്ചാല്‍, തോക്ക് ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളില്‍ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങള്‍ അരുത്

തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ അച്ചടിക്കുമ്പോള്‍, എതിര്‍ സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങള്‍ പാടില്ലായെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പ്രസ് ഉടമകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ അച്ചടിക്കുമ്പോള്‍ ഏത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് അച്ചടിക്കുന്നത്,എവിടെ നിന്നാണ് അച്ചടിക്കുന്നത്, എത്ര കോപ്പിയാണ് അച്ചടിക്കുന്നത് എന്ന് പ്രചരണ സാമഗ്രികളില്‍ പ്രത്യേകം രേഖപ്പെടുത്തണം. നോട്ടീസിന്റെ മാസ്റ്റര്‍ കോപ്പി പ്രത്യേക രജിസ്‌റററായി സൂക്ഷിക്കണം. ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മൂന്ന് വര്‍ഷം വരെ തടവോ, 10000 രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.