കൊച്ചി: സര്‍ക്കാര്‍ ആശുപത്രികള്‍ എത്രമാത്രം പ്രൊഫഷണല്‍ ആയി മാറാമെന്നതിന്റെ ഉത്തമ മാതൃകയാണ് എറണാകുളം ജനറല്‍ ആശുപത്രിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പ്രൊജക്ടിന്റെ ഭാഗമായി 76 കോടി രൂപ മുതല്‍ മുടക്കില്‍ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, കാന്‍സര്‍ ബ്ലോക്ക്, 11 കെവി സബ്‌സ്‌റ്റേഷന്‍ എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനവും ലീനിയര്‍ ആക്‌സിലറേറ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനവും എന്‍എബിഎച്ച് സര്‍ട്ടിഫിക്കറ്റ് കൈമാറ്റവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഹെല്‍ത്ത് സര്‍വീസിനു കീഴിലുള്ള ആശുപത്രികളില്‍ പുതുമയുളള കാര്യമാണ് കാന്‍സര്‍ ചികിത്സയ്ക്കുള്ള അത്യാധുനിക സംവിധാനമായ ലീനിയര്‍ ആക്‌സിലറേറ്റര്‍. ആശുപത്രി സ്റ്റാഫിന്റെ കൂട്ടായ പരിശ്രമവും സാമൂഹ്യ പ്രതിബദ്ധതയുമാണ് ഇത്തരം നൂതന സംവിധാനങ്ങള്‍ക്ക് ഇവിടെ കൊണ്ടു വരാന്‍ സഹായകരമായത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ നിലവാരമുയര്‍ത്തുന്നതടക്കം സമഗ്രമായ വികസനമാണ് ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ജില്ല, താലൂക്ക് ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഒരുക്കിവരികയാണ്. വികസന പദ്ധതികള്‍ക്ക് കിഫ്ബിയില്‍ നിന്ന് പണം ലഭിക്കില്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ സാങ്കേതിക കാര്യങ്ങള്‍ കൃത്യതയോടെയും ചടുലതയോടെയും പൂര്‍ത്തിയാക്കിയാല്‍ ഫണ്ട് ലഭിക്കുമെന്നതിന്റെ ഏറ്റവും മികച്ച തെളിവാണ് ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും കാന്‍സര്‍ ബ്ലോക്കിന്റെയും നിര്‍മ്മാണത്തിനായി 76 കോടി ലഭിച്ചത്. കൃത്യസമയത്ത് പദ്ധതി രേഖ സമര്‍പ്പിക്കുന്നതിലും എറണാകുളം ജനറല്‍ ആശുപത്രി മികവുകാട്ടി. കാലാനുസൃതമായ മാറ്റങ്ങളും പുരോഗതിയും ആരോഗ്യ മേഖലയിലുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണത്തിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ താലൂക്ക്, ജില്ല ആശുപത്രി വരെയും മെഡിക്കല്‍ കോളേജുകളിലും സമഗ്രമായ വികസനമാണ് കഴിഞ്ഞ രണ്ട്ു വര്‍ഷമായി നടക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍ അടക്കമുള്ള സൗകര്യങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ആളനക്കമില്ലാതെ കിടന്നിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് സര്‍്ക്കാരിന്റെ കാലത്ത് അനക്കം വെച്ചു. എട്ട് ജില്ല ആശുപത്രികളില്‍ കാത്‌ലാബ് സൗകര്യം ഏര്‍പ്പെടുത്തി. വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുകളും സര്‍ക്കാര്‍ ഫണ്ടുകളും സംയോജിപ്പിച്ച് പദ്ധതികള്‍ നടപ്പാക്കുന്നു. ഓരോല മെഡിക്കല്‍ കോളേജുകളിലും കാന്‍സര്‍ ചികിത്സയ്ക്ക്് മിനി ആര്‍സിസി സൗകര്യം ഏര്‍പ്പെടുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.
ഹൈബി ഈഡന്‍ എംഎല്‍എ സ്വാഗതം ആശംസിച്ചു. ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് സ്‌ട്രെംഗ്ത് മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള കിഫ്ബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എംപി. പി. രാജീവ് ലീനിയര്‍ ആക്‌സിലറേറ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോ്ക്കിന്റെ മാതൃകയും മുഖ്യമന്ത്രി അനാവരണം ചെയ്തു.
മേയര്‍ സൗമിനി ജെയിന്‍, പ്രൊഫ. കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ എസ്. ശര്‍മ്മ, ജോണ്‍ ഫെര്‍ണാണ്ടസ്, ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, അസിസ്റ്റന്റ് കളക്ടര്‍ ഈശ പ്രിയ, ചെയര്‍മാന്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് മധു എസ് നായര്‍, ബിപിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് പണിക്കര്‍, സിന്തൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.വി. ജേക്കബ്്,
റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ പ്രകാശ് ചന്ദ്രന്‍, റോട്ടറി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജയശങ്കര്‍ ആര്‍, കാനറ ബാങ്ക് പ്രതിനിധി, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഫിറോസ്, ഡി.എം.ഒ. ഡോ. എന്‍.കെ. കുട്ടപ്പന്‍, ഡി.പി.എം. എന്‍.എച്ച്.എം ഡോ. മാത്യൂസ് നുമ്പേലില്‍, ഡിഎച്ച്എസ് കേരള ഡോ. സരിത ആര്‍.എല്‍., ആശുപത്രി വികസന സമിതി അംഗം ഡോ. ജുനൈദ് റഹ്മാന്‍, ആശുപത്രി സൂപ്രണ്ട് ഡോ. അനിത എ, ഓങ്കോളജി വിഭാഗത്തിലെ ഡോ. മോനി എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
മുന്‍ എംപി പി. രാജീവിന്റെ നേതൃത്വത്തില്‍ എട്ട് എംപിമാരുടെ സഹകരണത്തോടെയാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാരംഗത്തെ ഏറ്റവും നൂതനമായ ലീനിയര്‍ ആക്‌സിലറേറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. ആദ്യമായി ഇത്തരത്തില്‍ എംപിമാര്‍ സഹകരിച്ച് പദ്ധതി നടപ്പാക്കുന്നതെന്ന് പി. രാജീവ് റിപ്പോര്‍ട്ട അവതരിപ്പിച്ച് കൊണ്ട് പറഞ്ഞു.
രാജ്യസഭ എം.പിമാരായ സി.പി. നാരായണന്‍, ഡോ. ബി. ജയശ്രീ, മൃണാള്‍ മിറി, എച്ച്.കെ. ദുവ, ഡോ. അശോക് ഗാംഗുലി, കെ.ടി.എസ്. തുള്‍സി, കെ. പരാശരന്‍ എന്നിവരുടെയും ഷിപ്പ്‌യാര്‍ഡ്, ബി.പി.സി.എല്‍ , സിന്തൈറ്റ് ഗ്രൂപ്പ്, കനറാ ബാങ്ക്, റോട്ടറി ക്ലബ്ബ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സഹായ സഹകരണത്തോടെ 10.7 കോടി രൂപ ചെലവിലാണ് ലീനിയര്‍ ആക്‌സിലറേറ്റര്‍ (ലിനാക്) സ്ഥാപിച്ചത്. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജ് ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് ലീനിയര്‍ ആക്‌സിലറേറ്റര്‍ സ്ഥാപിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് റേഡിയേഷന്‍ ചികിത്സ നല്‍കുന്നതിനുള്ള അത്യാധുനിക ഉപകരണമാണിത്. എറണാകുളത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ലിനാക് മെഷീന്‍ സ്ഥാപിക്കുന്നത് ജനറല്‍ ആശുപത്രിയിലാണ്. റേഡിയേഷന്‍ ചികിത്സ നല്‍കുന്നതിനുള്ള കൊബാള്‍ട്ട് യൂണിറ്റ് ആശുപത്രിയില്‍ നിലവിലുണ്ട്. ഇതിനേക്കാള്‍ കൂടുതല്‍ കൃത്യതയോടെയും പാര്‍ശ്വഫലങ്ങള്‍ പരമാവധി കുറച്ചും റേഡിയേഷന്‍ ചെയ്യുവാന്‍ സാധിക്കുന്ന സംവിധാനമാണ് ലിനാക്. സാധാരണ രീതിയില്‍ റേഡിയേഷന്‍ നല്‍കുമ്പോള്‍ ക്യാന്‍സര്‍ കോശങ്ങളെ കൂടാതെ ശരീരത്തിലെ മറ്റ് കോശങ്ങളും നശിക്കും. ഇത് പരമാവധി ഒഴിവാക്കാനും അതുവഴി പാര്‍ശ്വഫലങ്ങള്‍ കുറക്കുന്നതിനും ലിനാക് ഉപയോഗിച്ചുള്ള ചികിത്സക്ക് സാധിക്കും. ദിവസവും അമ്പതിലേറെ രോഗികള്‍ക്ക് ചികിത്സ നല്‍കുവാന്‍ ഈ മെഷീനാവും. സ്വകാര്യ ആശുപത്രികളേക്കാള്‍ ആറിലൊന്ന് മാത്രം ചെലവില്‍ രോഗികള്‍ക്ക് ഈ സംവിധാനം ഈ ലഭ്യമാകും. എറണാകുളത്ത് മൂന്ന് സ്വകാര്യ ആശുപത്രികളില്‍ മാത്രമുള്ള സംവിധാനമാണ് ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
മൂന്നാം തവണയും എന്‍എബിഎച്ച് അംഗീകാരം ലഭിക്കുന്ന ഏക സര്‍ക്കാര്‍ ആശുപത്രിയായാണ് എറണാകുളം ജനറല്‍ ആശുപത്രി. 2011 ലാണ് ആദ്യമായി എന്‍എബിഎച്ച് ലഭിക്കുന്നത്. തുടര്‍ന്ന് 2014 ലും ഇപ്പോള്‍ മൂന്നാമതും ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കുകയാണ് ആശുപത്രി. ദേശീയ നിലവാരത്തിലുള്ള ചികിത്സാ സംവിധാനവും അന്തരീക്ഷവും നിലനിര്‍ത്തുന്നതിനാലാണ് അംഗീകാരം വീണ്ടും ലഭിച്ചത്. പുതിയ ബ്ലോക്കിന്റെ പൈലിംഗ് ജോലികള്‍ 90% പൂര്‍ത്തീകരിച്ചതായി ജില്ല കളക്ടര്‍ പറഞ്ഞു.
560 ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്ക് പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമാകും. എയര്‍കണ്ടിഷന്‍ ചെയ്ത 77,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, 22,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലുള്ള കാന്‍സര്‍ ബ്ലോക്ക് എന്നിവയാണ് നിര്‍മ്മിക്കുന്നത്. എട്ട് നിലയുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ 187 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും. ആറ് ഓപറേഷന്‍ തീയേറ്ററുകള്‍, കാത്ത്‌ലാബ്, തീവ്രപരിചരണവിഭാഗങ്ങള്‍, വാര്‍ഡുകള്‍, ഐസിയു, എന്‍ഡോസ്‌കോപി യൂണിറ്റ് എന്നിവ ബ്ലോക്കില്‍ ഉള്‍പ്പെടുന്നു. അഞ്ച് നിലകളുള്ള കാന്‍സര്‍ ബ്ലോക്കില്‍ 100 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ഇന്‍കെലിനാണ് സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണച്ചുമതല.