ഇലക്ഷന്‍ @ ഇടുക്കി 2020

ബ്ലോക്ക് / നഗരസഭ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും വരണാധികാരികളുടെയും യോഗം ചേര്‍ന്നു

കട്ടപ്പന നഗരസഭയില്‍ വരണാധികാരി മൂന്നാര്‍ എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ അലക്സ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ നഗരസഭാ കാര്യാലയത്തില്‍ യോഗം ചേര്‍ന്നു. തൊടുപുഴ നഗരസഭയില്‍ ആര്‍ ഡി ഒ അതുല്‍ എസ് നാഥും, അടിമാലി ബ്ലോക്കില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എച്ച്. അന്‍സാരിയും, ദേവികുളത്ത് സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍ എസ്, നെടുങ്കണ്ടത്ത് സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ എ എ രാജന്‍, ഇളംദേശത്ത് എഡിസി (ജനറല്‍) ശ്രീലേഖ സി , ഇടുക്കിയില്‍ ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ജോളി ജോസഫ്, കട്ടപ്പനയില്‍ എല്‍ എ & എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ എസ് ബിന്ദു, തൊടുപുഴയില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വികെ നവാസ്, അഴുത ബ്ലോക്കില്‍ അസിസ്റ്റന്റ് കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസര്‍ എലിസബത്ത് മാത്യു എന്നീ വരണാധികാരികളുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. കൊവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വീടുകളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പോകരുത്. മതസ്പര്‍ദ്ധ, വ്യക്തിഹത്യ, ജീവിത സ്വാതന്ത്ര്യത്തിന് ഭംഗംവരുത്തുക തുടങ്ങിയ വിധത്തില്‍ പ്രചാരണങ്ങള്‍ നടത്തരുത്. സര്‍ക്കാര്‍ വസ്തുക്കള്‍ പ്രചാരണത്തിനായി ഉപയോഗിക്കരുത്.

കൊവിഡിന്റെ പാശ്ചാത്തലത്തില്‍ കൊട്ടിക്കലാശം, ജാഥ തുടങ്ങിയവ ഒഴിവാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം യോഗത്തില്‍ അറിയിച്ചു. റോഡ്ഷോ/വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനം മാത്രമേ പാടുള്ളൂ. പൊതുയോഗങ്ങള്‍ നടത്തുന്നതിന് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഗതാഗത തടസ്സം ഉണ്ടാക്കുന്ന വിധത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്നും തെരെഞ്ഞെടുപ്പിനായി പാസ് വാങ്ങുന്ന വാഹനങ്ങള്‍ നിര്‍ദ്ദിഷ്ട ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന കമ്മീഷന്റെ നിര്‍ദ്ദേശവും യോഗത്തില്‍ വിശദീകരിച്ചു.

നാളെ (12.11.20) പഞ്ചായത്തു തലത്തില്‍ വരണാധികാരി ഉപവരണാധികാരി എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേരും. നാളെ (12.11.20) തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ ഓരോ വാര്‍ഡിലും വരാണാധികാരിയുടേയും ഉപവരണാധികാരിയുടേയും ഓഫീസിലും തെരഞ്ഞെടുപ്പ് നോട്ടീസ് പ്രസിദ്ധീകരിക്കും. നോട്ടീസ് പ്രസിദ്ധീകരിച്ചാല്‍ രാവിലെ 11 മുതല്‍ 3 വരെ നോമിനേഷന്‍ സ്വീകരിക്കുവാന്‍ ആരംഭിക്കും. നോമിനേഷന്‍ സ്വീകരിക്കുമ്പോള്‍ തന്നെ ചെക്ക് ലിസ്റ്റ് വച്ച് പരിശോധിച്ച് നോമിനേഷനിലെ ന്യൂനതകള്‍ പരിഹരിക്കുമെന്നും യോഗത്തില്‍ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴിലുള്ള ഗ്രാമ പഞ്ചായത്തുകള്‍ ഫോറങ്ങള്‍ ഉടന്‍ കൈപ്പറ്റണമെന്നും യോഗം അറിയിച്ചു.