തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വകുപ്പുകളിലെ സ്ഥാപനമേധാവികൾ അതാത് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങൾ ഇ – ഡ്രോപ്പിൽ രജിസ്റ്റർ ചെയ്യണം. ഇ -ഡ്രോപ്പിൽ നിന്നും ജീവനക്കാരുടെ വിവരങ്ങൾ ക്രോഡീകരിച്ച് കലക്ടറേറ്റിൽ നിന്നും പോളിംഗ്  ഡ്യൂട്ടിക്കായി നിയോഗിക്കും.  ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ ആയിരിക്കും.
സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള എൻ ഐ സി വികസിപ്പിച്ച ഇ -ഡ്രോപ് രജിസ്ട്രേഷൻ 2010 ലെ തെരഞ്ഞെടുപ്പിനാണ് ആരംഭിച്ചത്. മുൻ അസംബ്ലി ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് സ്ഥാപന മേധാവിക്ക് നിർദ്ദിഷ്ട ഫോം കൊടുക്കുകയും അതിലൂടെ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും ആയിരുന്നു ചെയ്തിരുന്നത്.
ഇത്തവണ പോളിംഗ് സ്റ്റേഷനുകളിൽ  നാല് ജീവനക്കാർ വീതം 
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനുകളിൽ നാല് വീതം  ജീവനക്കാർ ഉണ്ടാകും. സാധാരണയായി മൂന്ന് ജീവനക്കാരെയാണ്  നിയോഗിക്കാറുള്ളത്.  എന്നാൽ കോവിഡ്  പശ്ചാത്തലത്തിൽ വോട്ടർമാരുടെ കൈകൾ സാനിറ്റൈസ്  ചെയ്യുന്നതിനായാണ്  ഒരു ഓഫീസ് അസിസ്റ്റന്റിനെക്കൂടി നിയമിക്കുന്നത്.  ഒരു പോളിംഗ് ബൂത്തിലേക്ക് 7 ലിറ്റർ സാനിറ്റൈസർ ആണ് ഇലക്ഷൻ കമ്മീഷൻ കണക്കാക്കുന്നത്.  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് എൻ -95 മാസ്ക്, ഗ്ലൗസ് എന്നിവയും ഇലക്ഷൻ കമ്മീഷൻ നൽകും.