തിരഞ്ഞെടുപ്പ് ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സംബന്ധിച്ച് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 124-ാം വകുപ്പിലെയും 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 148ാം വകുപ്പിലെയും വ്യവസ്ഥകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും അച്ചടിശാലാ ഉടമസ്ഥരും പാലിക്കണം. ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും പുറത്ത് അവ അച്ചടിക്കുന്ന പ്രസ്സുടമയുടെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും ഉണ്ടായിരിക്കണം. കൂടാതെ അച്ചടിക്കുന്നതിന് മുമ്പായി പ്രസാധകനെ തിരിച്ചറിയുന്നതിന് രണ്ട് പേര്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിതഫോറത്തിലുള്ള ഒരു പ്രഖ്യാപനം പ്രസാധകന്‍ പ്രസ്സുടമയ്ക്ക് നല്‍കേണ്ടതും അച്ചടിച്ച ശേഷം മേല്‍പ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടിരേഖകളുടെ പകര്‍പ്പ് സഹിതം പ്രസ്സുടമ നിശ്ചിത ഫോറത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചുകൊടുക്കേണ്ടതുമാണ്. മുകളില്‍ പറഞ്ഞ ഈ നിയമവ്യവസ്ഥ ലംഘിക്കപ്പെട്ടാല്‍ ആറുമാസത്തോളം തടവ് ശിക്ഷയോ 3000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കാവുന്ന കുറ്റമാണ്. കൂടാതെ തിരഞ്ഞെടുപ്പ് പരസ്യബോര്‍ഡുകള്‍ ബാനറുകള്‍ എന്നിവ സ്ഥാപിച്ചതും ഉയര്‍ത്തിയതും സംബന്ധിച്ച വിവരം ബന്ധപ്പെട്ട വരണാധികാരികളെ നിശ്ചിതഫോറത്തില്‍ അറിയിക്കണം.

ദൃശ്യ-ശ്രവ്യ അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും പത്രം, ടെലിവിഷന്‍, റേഡിയോ, സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്നത് നിയമാനുസൃതമായിരിക്കേ താണ്. അപകീര്‍ത്തിപരമായ പ്രചാരണങ്ങള്‍ പാടില്ല.

വാഹനങ്ങള്‍

വാഹനങ്ങളില്‍ ലൗഡ്സ്പീക്കര്‍ ഘടിപ്പിച്ചോ മറ്റ് തരത്തിലോ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അത് മോട്ടോര്‍വാഹന ആക്ടും മറ്റ് നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം. ബന്ധപ്പെട്ട അധികൃതരില്‍ നിന്നും ആവശ്യമായ അനുമതി വാങ്ങിയശേഷം മാത്രമെ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി പ്രത്യേക പ്രചരണ വാഹനമോ വീഡിയോപ്രചരണ വാഹനമായോ ഉപയോഗിക്കുവാന്‍ പാടുള്ളൂ.