കോഴിക്കോട് : ബാലുശ്ശേരി പഞ്ചായത്തിൽ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ തെങ്ങോല പഴുക്കൽ സംബന്ധിച്ച് രോഗ നിർണയം നടത്താൻ വിദഗ്ധ സംഘം പ്രദേശത്ത് സന്ദർശനം നടത്തി. കൃഷിഭവന്റെ നിർദ്ദേശാനുസരണമാണ് സംഘമെത്തിയത്. രണ്ടുമാസം മുൻപാണ് തോട്ടത്തിലെ കൂമ്പോലയ്ക്ക് സമീപമുള്ള ഓലകൾക്ക് മഞ്ഞനിറം ബാധിച്ചത്.
തെങ്ങിലെ പൂക്കുലകളും മച്ചിങ്ങയും തേങ്ങയും കൊഴിഞ്ഞു പോവുകയും ചെയ്തു. പരിശോധനയിൽ തെങ്ങിനു പുതു വേരുകൾ ഇല്ലെന്നും ഉള്ളവ ഉണങ്ങിയതായും കണ്ടതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലേക്ക് തുടർ പരിശോധനയ്ക്ക് സാമ്പിൾ അയച്ചു. പരിശോധനാഫലം ലഭിച്ചതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് സംഘം പറഞ്ഞു.
കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴി സബ്ജെക്ട് മാറ്റർ സ്പെഷലിസ്റ്റ് ഡോ. സി.പ്രകാശ്, ബാലുശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിത പാലാരി, കൃഷി ഓഫീസർമാരായ പി.വിദ്യ, പി.ആർ മനോജ് എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.