കോട്ടയം:  ഈരാറ്റുപേട്ട റിംസ് ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കുന്നതിനായി അടിയന്തരമായി വിട്ടു നല്‍കാന്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കോട്ടയം ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ട്രൈബ്യൂണലിന്റെ കൊച്ചി ബഞ്ചിന്റേതാണ് ഉത്തരവ്. രണ്ടു മാസത്തേക്കാണ് അനുമതി.

ലിക്വിഡേഷന്‍ നടപടികള്‍ക്ക് വിധേയമായ ആശുപത്രി പ്രവാസികള്‍ക്കുള്ള ക്വാറന്റയിന്‍ കേന്ദ്രമായി മാത്രം ഉപയോഗിക്കുന്നതിന് അനുമതി നല്‍കി ഈ വര്‍ഷം മെയ് 15ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ക്വാറന്റയിന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വന്നതിനാല്‍ ഈ ആവശ്യത്തിനായി ആശുപത്രി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായില്ല.

കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്നാണ് ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കുന്നതിന് അനുമതി തേടി ജില്ലാ കളക്ടര്‍ വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചത്. ഇതിനെതിരെ ആശുപത്രി മാനേജ്‌മെന്റ് തടസങ്ങള്‍ ഉന്നയിച്ചെങ്കിലും സംസ്ഥാനത്തെ കോവിഡ് വ്യാപനം പരിഗണിക്കുമ്പോള്‍ ജില്ലാ കളക്ടറുടെ അപേക്ഷ ന്യായമാണെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി.

ദുരന്തനിവാരണ നിയമപ്രകാരമുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങളും സമാനമായ കേസുകളിലെ ഹൈക്കോടതിയുടെ തീരുമാനങ്ങളും കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്

ആശുപത്രി കൈമാറുന്നതിനു മുന്‍പ് ജില്ലാ കളക്ടര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെയും ലിക്വിഡേറ്ററുടെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ വസ്തുവകകളുടെ വിശദമായ കണക്കെടുപ്പ് നടത്തണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

ഏറ്റെടുക്കല്‍ കാലയളവില്‍ ആശുപത്രി വളപ്പില്‍ സ്ഥിര നിര്‍മിതികള്‍ നടത്താനോ നിലവിലുള്ളവയില്‍ മാറ്റം വരുത്താനോ ആശുപത്രി മാനേജ്‌മെന്റിനോ ജില്ലാ കളക്ടര്‍ക്കോ അനുമതിയില്ല.

ആശുപത്രിയിലെ സൗകര്യങ്ങള്‍ കോവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ ഉപയോഗിക്കുന്ന കാലയളവില്‍ ആശുപത്രി പ്രമോട്ടര്‍മാരോ അവരുടെ പ്രതിനിധികളോ സ്ഥാപനത്തില്‍ പ്രവേശിക്കാനോ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനോ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടു മാസം പൂര്‍ത്തിയായ ശേഷം ആശുപത്രി ജില്ലാ കളക്ടര്‍ ലിക്വിഡേറ്റര്‍ക്ക് തിരികെ കൈമാറണം. ഈ സമയപരിധിക്കുള്ളില്‍ ഏറ്റെടുക്കലിന്റെ ഉദ്ദേശ്യം പൂര്‍ണമായും നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ സമയപരിധി നീട്ടിക്കിട്ടുന്നതിന് കളക്ടര്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാം.അശുപത്രി വിട്ടുകിട്ടിയാലുടന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.