ആലപ്പുഴ: ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും നടത്തിപ്പിലും ഹരിത നിയമാവലി ചട്ടം നിർബന്ധമാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ എ അലക്സാണ്ടർ പറഞ്ഞു. കളക്ടറേറ്റിൽ നടന്ന ഹരിതകർമസേന, ശുചിത്വ സേന, മറ്റു വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്യ മിഷന്റെയും ഹരിതകേരള മിഷന്റെയും സഹകരണത്തോടെയാണ് ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങൾ, സൂചകങ്ങൾ, ബോർഡുകൾ തുടങ്ങിയവ കോട്ടൻ തുണി, പേപ്പർ തുടങ്ങിയ പുനചംക്രമണം ചെയ്യാൻ കഴിയുന്ന പരിസ്ഥിതിസൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് നിർമ്മിക്കുവാൻ കുടുംബശ്രീയുടെ സഹായം തേടും. നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ ഡിസ്പോസിബിൾ വസ്തുക്കളും ഒഴിവാക്കും. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യാൻ പ്രാദേശിക കുടുംബശ്രീ യൂണിറ്റുകളെ ചുമതലപ്പെടുത്തും. ഭക്ഷണം വിതരണം ചെയ്യാൻ പ്ലാസ്റ്റിക് ബോട്ടിലും കണ്ടെയ്നറുകളും ഉപയോഗിക്കരുതെന്നും കളക്ടര്‍ പറഞ്ഞു.
സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ തുടങ്ങിയവ തയ്യാറാക്കുന്നതിന് പ്ലാസ്റ്റിക്, പിവിസി മുതലായ വസ്തുക്കൾ ഉപയോഗിക്കരുത്. പകരം പുനഃചംക്രമണം ചെയ്യാവുന്നതും പരിസ്ഥിതിസൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. പ്രചാരണത്തിനും അലങ്കാരമായി ഉപയോഗിക്കുന്ന കൊടിതോരണങ്ങളും പൂർണമായും പ്ലാസ്റ്റിക്, പിവിസി മുക്തമാക്കണം.
യോഗത്തിൽ എഡിഎം ജെ മോബി, ഹരിതകേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ എസ് രാജേഷ്, ശുചിത്യ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി വി ജയകുമാരി എന്നിവർ സന്നിഹിതരായി.തിരഞ്ഞെടുപ്പ് കമ്മീഷൻറെയും കോടതികളുടെയും നിർദ്ദേശപ്രകാരം ഹരിത ചട്ടം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്.