തൃശ്ശൂര്‍:  സ്വന്തം അഭിരുചിക്കനുസരിച്ച് താൽപര്യം രൂപപ്പെടുമ്പോഴാണ് ഒരു വിദ്യാർത്ഥിക്ക് ജീവിതത്തിൽ ദിശാ ബോധം ഉണ്ടാകുന്നതെന്ന് കരിയർ വിദഗ്ധനും മുൻ പ്രവേശന പരീക്ഷാ ജോയിന്റ് കമ്മീഷണറുമായ ഡോ. എസ് രാജു കൃഷ്ണൻ അഭിപ്രായപ്പെട്ടു. വിവിധ നിയന്ത്രണ സമിതികളുടെ അംഗീകാരം തങ്ങൾ തെരഞ്ഞെടുക്കുന്ന കോഴ്‌സുകൾക്ക് ഉണ്ടോ എന്ന് വിദ്യാർത്ഥി അറിഞ്ഞിരിക്കണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ തൃശൂർ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ ഹയർ സെക്കൻഡറി സയൻസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ കോഴ്‌സുകൾക്ക് ആൺകുട്ടി, പെൺകുട്ടി എന്ന വ്യത്യാസമില്ല. ഉന്നത പഠനത്തിന് ഒരു സ്ഥാപനം തെരഞ്ഞെടുക്കുമ്പോൾ വിദ്യാർത്ഥി തന്റെ അഭിരുചി, സ്ഥാപനത്തിന്റെ നിലവാരം എന്നിവ കണക്കിലെടുക്കണം. ഐ.ഐ.ടി.കൾ, എൻഐടി കൾ, ഐസർ, കേന്ദ്ര സർവ്വകലാശാലകൾ, ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ നടത്തുന്ന വിവിധ കോഴ്‌സുകൾ അദ്ദേഹം വിശദീകരിച്ചു.

തൃശൂർ കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ എ.പി വിനോദ് കുമാർ, ഫീൽഡ് ഔട്ട് റീച്ച് ബ്യുറോ അസിസ്റ്റൻറ് ഡയറക്ടർ ജോർജ്ജ് മാത്യു എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.