>> പ്രചാരണ വാഹനങ്ങൾക്കു പെർമിറ്റ് നിർബന്ധം, കൈമാറ്റവും പാടില്ല
>> ഉച്ചഭാഷണിക്കും അനുമതി വേണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിൽ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ സ്ഥാനാർഥികൾ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇരുചക്ര വാഹനമുൾപ്പെടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അതതു റിട്ടേണിങ് ഓഫിസർമാരിൽനിന്നുള്ള അനുമതി നിർബന്ധമായും വാങ്ങിയിരിക്കണമെന്നും കളക്ടർ നിർദേശിച്ചു.
റിട്ടേണിങ് ഓഫിസർ നൽകുന്ന പെർമിറ്റ് വാഹനത്തിന്റെ മുൻവശത്തു പ്രദർശിപ്പിക്കണം. ഒരു സ്ഥാനാർഥിയുടെ പേരിൽ പെർമിറ്റ് എടുത്ത വാഹനം മറ്റൊരു സ്ഥാനാർഥി ഉപയോഗിക്കരുത്. പെർമിറ്റ് ഇല്ലാത്ത വാഹനം പ്രചാരണത്തിന് ഉപയോഗിച്ചാൽ നടപടിയെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം വാഹന പ്രചാരണമെന്നും കളക്ടർ അറിയിച്ചു. പ്രചാരണത്തിനായി ഉച്ചഭാഷണി ഉപയോഗിക്കുമ്പോൾ പൊലിസിൽനിന്ന് അനുമതി വാങ്ങണം. രാത്രി 10 മുതൽ രാവിലെ ആറു വരെയുള്ള സമയം ഉച്ചഭാഷണി പാടില്ല. ഈ സമയത്ത് പൊതുയോഗം, ജാഥ തുടങ്ങിയവയ്ക്കും വിലക്കുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികൾ സ്ഥാപിക്കുന്നതിനും ചുവരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതി വാങ്ങണം. ഇത് അതതു വരണാധികാരിയുടേയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുൻപാകെ മൂന്നു ദിവസത്തിനകം ഹാജരാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളോ അവയുടെ കളിസ്ഥലമോ തെരഞ്ഞെടുപ്പ് റാലിക്കോ മറ്റു പ്രചാരണ പരിപാടികൾക്കോ ഉപയോഗിക്കാൻ പാടില്ല. പൊതുസ്ഥലത്തു പ്രചാരണ സാമഗ്രികൾ സ്ഥാപിക്കുമ്പോൾ നിലവിലുള്ള നിയമങ്ങൾ കർശനമായി പാലിച്ചിരിക്കണമെന്നും കളക്ടർ അറിയിച്ചു.