സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ജില്ലയൊരുങ്ങി. മേയ് 1 മുതല്‍ 31 വരെയാണ് വിവിധ പരിപാടികളോടെ ജില്ലയില്‍ വാര്‍ഷികാഘോഷം നടക്കുക. ഒരാഴ്ച കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് പ്രത്യേക പ്രദര്‍ശനമേള ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. 80 സ്റ്റാളുകള്‍ ഇവിടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കും. സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും ഉണ്ടാകും. വകുപ്പ് തല മന്ത്രിമാര്‍ മന്ത്രിസഭാവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെത്തും. തുറുമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ജില്ലയിലെ വാര്‍ഷികാഘോഷങ്ങളുടെ ചുമതല. പൂര്‍ത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും. മേയ് 1 മുതല്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പാഠ പുസ്തക വിതരണം, യൂണിഫോം വിതരണം, വൃക്ഷത്തെ വിതരണം എന്നിവ നടക്കും.

പ്രദര്‍ശന നഗരിയിലെ സാംസ്‌കാരിക പരിപാടിയില്‍ ജില്ലയില്‍ നിന്നുള്ള കലാകാരന്‍മാര്‍ക്കും കലാസംഘങ്ങള്‍ക്കും പങ്കാളിത്തം നല്‍കും. ഗോത്രകലാരൂപങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ പരിപാടികള്‍ ,സെമിനാറുകള്‍ എന്നിവയും ഉണ്ടാകും. കുടുംബശ്രീ നാല്‍പ്പത് സ്റ്റാളുകള്‍ സജ്ജീകരിക്കും. ജില്ലയിലെ വിനോദ സഞ്ചാരത്തിന്റെ സാധ്യതകള്‍ പ്രതിഫലിപ്പിക്കുന്ന സ്റ്റാളുകള്‍ ടൂറിസം വകുപ്പ് പ്രത്യേകമായി ഒരുക്കും. പ്രദര്‍ശനം, വില്‍പ്പന, സെമിനാര്‍ എന്നിവക്ക് ആവശ്യമായ സ്റ്റാളുകളുടെ എണ്ണം,മറ്റ് വിവരങ്ങള്‍ തുടങ്ങിയവ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏപ്രില്‍ 13 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ അറിയിക്കണം. മന്ത്രിമാര്‍ മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവരുടെ ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ക്ക് ടൂറിസം വകുപ്പിനാണ് ചുമതല.

കളക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഷികാഘോഷ നടത്തിപ്പിന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍,ജില്ലയിലെ എം.പി മാര്‍, എം.എല്‍.എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാന്‍ ജില്ലാ കളക്ടറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജനറല്‍ കണ്‍വീനറുമായിരിക്കും. ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍, കുടുംബശ്രി മിഷന്‍ കോര്‍ഡിനേറ്റര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായിരിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അദ്ധ്യക്ഷന്‍മാരെ ജോയിന്റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് സബ്കമ്മിറ്റികള്‍ രൂപവത്കരിക്കാനും തീരുമാനമായി. ഏപ്രില്‍ 13 ന് രാവിലെ 9.30 ന് കളക്‌ട്രേറ്റില്‍ സ്വാഗതംസംഘം ഭാരവാഹികളുടെ യോഗം ചേരും.