തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത്- മുനിസിപ്പാലിറ്റി വരണാധികാരികള്‍/ ഉപവരണാധികാരികളുടെ യോഗം ചേര്‍ന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച ജില്ലയിലെ പോളിംഗ് സ്റ്റേഷനുകള്‍ പരിശോധിച്ച് അടിസ്ഥാനസൗകര്യ കുറവുണ്ടെങ്കില്‍ അതാത് പഞ്ചായത്ത്/ നഗരസഭ സെക്രട്ടറിമാര്‍ക്ക് ബന്ധപ്പെട്ട വരണാധികാരികൾ/ ഉപവരണാധികാരികൾ കത്ത് നല്‍കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ജി ഗോപകുമാര്‍ യോഗത്തില്‍ അറിയിച്ചു. പഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിമാര്‍ക്കാണ് പോളിംഗ് ബൂത്ത് സജ്ജീകരിക്കുന്ന ചുമതല.
 
ലഭിക്കുന്ന നാമനിര്‍ദ്ദേശ പത്രികകളുടെ വിവരം വെബ്‌സൈറ്റില്‍ കൃത്യമായും സമയബന്ധിതമായും രേഖപ്പെടുത്തണം. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിക്കുമ്പോള്‍ ബന്ധപ്പെട്ട രാഷ്ട്രീയകക്ഷികളുടെ ജില്ലാ സെക്രട്ടറി/ പ്രസിഡണ്ടിന്റെ കത്ത് ലഭ്യമാക്കണം. ഏതെങ്കിലും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവദിച്ച ചിഹ്നം സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് നല്‍കാതിരിക്കാനും നിര്‍ദ്ദേശിച്ചു.
 
പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നവംബര്‍ 30 മുതല്‍ ഡിസംബര്‍ നാല് വരെയുള്ള തീയതികളിലായി നടക്കും. കോവിഡ് മാനദണ്ഡപ്രകാരം ഒരു ഹാളില്‍ പരമാവധി 40 മുതല്‍ 46 പേരെ മാത്രം ഉള്‍പ്പെടുത്തിയാവും പരിശീലനം നല്‍കുക. പരിശീലന ഹാളിലേക്ക് വേണ്ട അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട ബി.ഡി.ഓമാര്‍ക്ക് നിര്‍ദേശം നല്‍കി. പരിശീലന ഹാളില്‍ സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവ സ്ഥാപിക്കണം. കൂടാതെ, പരിശീലനം ആരംഭിക്കുന്നതിന് മുന്‍പ് ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മെഡിക്കല്‍ ഓഫീസര്‍ക്ക് അതത് ബി.ഡി.ഒ.മാര്‍ കത്ത് നല്‍കാനും നിര്‍ദേശിച്ചു.
 
സ്വീകരണ-വിതരണ-സ്‌ട്രോങ്ങ് റൂം -വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കേണ്ടതും ബന്ധപ്പെട്ട ബി.ഡി.ഒ.മാരുടെ ചുമതലയാണെന്ന് യോഗത്തില്‍ അറിയിച്ചു.
സ്വീകരണ വിതരണ കേന്ദ്രങ്ങളില്‍ ഓരോ പഞ്ചായത്തിനും പ്രത്യേകം സ്വീകരണ വിതരണ കൗണ്ടറുകളും സ്‌ട്രോങ്ങ് റൂമുകളും സജ്ജീകരിക്കണം. ഇപ്രകാരം പഞ്ചായത്ത് തിരിച്ചുള്ള സ്ഥലസൗകര്യം കണ്ടെത്താനും നിര്‍ദേശിച്ചു. ഇത്തരത്തില്‍ വോട്ടിങ്ങ് മെഷീന്‍ സ്‌ട്രോങ്ങ് റൂം സജ്ജീകരണം നവംബര്‍ 30 നകം പൂര്‍ത്തിയാക്കണം.
 
ഡിസംബര്‍ 1, 2 തീയതികളിലായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്നും വോട്ടിങ്ങ് മെഷീനുകള്‍ വിതരണം ചെയ്യും. ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ വോട്ടിങ്ങ് മെഷീന്‍ കമ്മീഷണിങ്ങ് പൂര്‍ത്തിയാക്കും.
 
സ്ഥാനാര്‍ഥികള്‍ക്കുള്ള വാഹനപാസ്സുകള്‍ (ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ ) അതാത് ബി.ഡി.ഓ.മാര്‍ വിതരണം ചെയ്യണം. ജില്ലാ കേന്ദ്രത്തില്‍ നിന്നും വളരെ ദൂരെ നിന്നുമുള്ള സ്ഥാനാര്‍ഥികള്‍ക്ക് യാത്ര ഒഴിവാക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.
 
വോട്ടെണ്ണല്‍ ജോലികള്‍ക്കുള്ള ഉദ്യോഗസ്ഥരെ ബ്ലോക്ക് / നഗരസഭാ വരണാധികാരികള്‍ നിയോഗിക്കുകയും ആവശ്യമുള്ള പരിശീലനം യഥാസമയം നല്‍കേണ്ടതുമാണ്. വോട്ടെണ്ണല്‍ വിവരങ്ങള്‍ കൃത്യസമയത്ത് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന വെബ്‌സൈറ്റില്‍ രേഖപ്പെടുത്താനും നിര്‍ദേശം നല്‍കി.
 
ബ്ലോക്ക് വരണാധികാരിയുടെ നേതൃത്വത്തിലാണ് ഗ്രാമപഞ്ചായത്ത് /ജില്ലാ പഞ്ചായത്ത്/ ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൈകാര്യം ചെയ്യേണ്ടത്. പഞ്ചായത്ത് വരണാധികാരികള്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കണം. നഗരസഭാ വരണാധികാരിയുടെ മേല്‍നോട്ടത്തിലാണ് നഗരസഭകളുടെ പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത്. ഇതു സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് അധികൃതര്‍ അറിയിച്ചു.
 
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ആര്‍.ഡി.ഒ കാവേരികുട്ടി, ഇലക്ഷന്‍ സെക്ഷന്‍ സൂപ്രണ്ട് അനന്തകൃഷ്ണന്‍, വിവിധ ബ്ലോക്ക് പഞ്ചായത്ത്- മുനിസിപ്പാലിറ്റി വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവര്‍ പങ്കെടുത്തു.