എറണാകുളം: കൊച്ചി കോർപ്പറേഷൻ അതിർത്തിയിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ ഉടനെ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശം നൽകി. പൊതു സ്ഥലങ്ങളിലും നടപ്പാതകളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ളതും ഗതാഗത തടസമുണ്ടാക്കുന്നതുമായ പരസ്യ ബോർഡുകളും ഹോർഡിംഗുകളും കണ്ടെത്തി നീക്കം ചെയ്യുന്നതിന് കോർപ്പറേഷനിലെ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരമാവും നടപടി. ചട്ടം ലംഘിച്ച് സ്ഥാപിച്ചിട്ടുള്ള മുഴുവൻ ബോർഡുകളും ഉടനടി നീക്കം ചെയ്യണമെന്ന് താൽക്കാലിക ഭരണ സമിതിയും തീരുമാനിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.