കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്റെ നിർദ്ദേശപ്രകാരം രാജ്യവ്യാപകമായി നടത്തുന്ന സാമ്പത്തിക സർവ്വേ ഡിസംബർ 31നകം പൂർത്തീകരിക്കേണ്ടതുണ്ടെന്നും ഇതിന് പൊതുജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർഥിച്ചു. വ്യാപാര സ്ഥാപനങ്ങൾ, കുടുംബ കേന്ദ്രീകൃതമായ തൊഴിൽമേഖല എന്നിവയെ സംബന്ധിച്ച് അഞ്ച് വർഷത്തിലൊരിക്കൽ നടത്തുന്ന സർവ്വെയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തിരഞ്ഞെടുപ്പിന്റെയും കോവിഡ്-19 വ്യാപനത്തിന്റെയും സാഹചര്യങ്ങൾ ഉൾക്കൊണ്ട് സർവ്വേ നടത്തുമെന്ന് ഇതു സംബന്ധിച്ച് നടന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച എ ഡി എം റെജി പി ജോസഫ് അറിയിച്ചു.
സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെയും സംരംഭങ്ങളുടെയും വിവരങ്ങളാണ് സെൻസസിലൂടെ ശേഖരിക്കുന്നത്. കോമൺ സർവീസ് സെൻറർ പ്രവർത്തകർ സർവെ നടത്തുന്ന പ്രദേശങ്ങളെ സംബന്ധിച്ച് മുൻകൂട്ടി ബന്ധപ്പെട്ട പൊലീസ്, ഗ്രാമപഞ്ചായത്ത് അധികാരികളെ അറിയിക്കും.
ഓൺലൈനായി നടത്തിയ യോഗത്തിൽ സർവെ സംബന്ധിച്ച് റിസർച്ച് ഓഫീസർ പി എം ഹബീബുള്ള വിശദീകരിച്ചു.
വിവരശേഖരണത്തിനായി വ്യക്തികളെയും സംരംഭകരെയും സമീപിക്കുന്ന എന്യുമറേറ്റർമാർക്ക് ശരിയായ വിവരങ്ങൾ
നൽകണമെന്ന് സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ പി ഷോജൻ അഭ്യർഥിച്ചു. ജില്ലാ പൊലീസ് മേധാവികൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ, മുനിസിപ്പൽ/ കോർപ്പറേഷൻ സെക്രട്ടറിമാർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത്, കോമൺ സർവീസ് സെന്റർ ജില്ലാ മാനേജർ ബ്രിട്ടോ ടി ജെയിംസ്, സംസ്ഥാന പ്രതിനിധി മെബിൻ മാത്യു, മറ്റു ജില്ലാതല ഏകോപന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
