തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങളായി. പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, നോട്ടീസ്, ചുവരെഴുത്തുകള്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് കമ്മീഷന്‍ പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും അച്ചടിശാല ഉടമസ്ഥരും തെരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയില്‍ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും ഉണ്ടായിരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. നിലവിലുള്ള നിയമം അനുശാസിക്കുന്നതിനു വിരുദ്ധമായി തെരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കാനോ വരക്കുവാനോ പതിപ്പിക്കുവാനോ എഴുതുവാനോ പാടില്ല.
വ്യക്തികളെ അധിക്ഷേപിക്കുന്നതും അശ്ലീലകരവും അപകീര്‍ത്തിപ്പെടുത്തുന്നതും പ്രകോപനപരമായതും മതവികാരമുണര്‍ത്തുന്നതും വൃണപ്പെടുത്തുന്നതും കൊലപാതക ദൃശ്യങ്ങളുള്‍പ്പെടെയുള്ള ബീഭത്സമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ തെരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുവാനും പതിക്കാനും വരക്കാനും പാടില്ല. വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മാര്‍ഗതടസം ഉണ്ടാകുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുവാന്‍ പാടില്ല. നടപ്പാതയിലും റോഡുകളുടെ വളവുകളിലും പാലങ്ങളിലും റോഡുകള്‍ക്കു കുറുകെ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലും പൊതു ജനങ്ങള്‍ക്ക് ശല്യമോ അപകടമോ ഉണ്ടാകുന്ന രീതിയിലും മറ്റേതെങ്കിലും സ്ഥലത്ത്് തെരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കരുത്. വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധതിരിക്കുന്ന തരത്തില്‍ പരസ്യങ്ങളോ ഹോര്‍ഡിങ്ങുകളോ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കാനും പാടില്ല. പൊതു ജനങ്ങളുടെയോ മറ്റു വാഹനങ്ങളുടെയോ സുരക്ഷക്ക് ഭീഷണി ഉണ്ടാകുന്ന വിധത്തില്‍ തെരഞ്ഞെടുപ്പ് പരസ്യം വാഹനങ്ങളില്‍ സ്ഥാപിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
