എട്ട് നഗരങ്ങളില്‍ കേന്ദ്രീകൃത ഖരമാലിന്യസംസ്‌കരണ സംവിധാനം സ്ഥാപിക്കും
കൊച്ചി: ശുദ്ധമായ അന്തരീക്ഷവും ജലവും നിറഞ്ഞ ഭൂമിയായിരിക്കണം വരും തലമുറയെ നാം ഏല്‍പ്പിച്ചു കൊടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി കോര്‍പ്പറേഷന്‍ ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിന്റ ശിലാസ്ഥാപന കര്‍മ്മം എറണാകുളം ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വരും തലമുറക്ക് വിഷവായുവും വിഷ ജലവും അനുഭവിക്കേണ്ട അവസ്ഥയുണ്ടാകരുത്. പൊതു സ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് അവസാനിപ്പിക്കണം. പകരം ശുദ്ധിയുടെ സംസ്‌കാരം ഉയര്‍ത്തിക്കൊണ്ടു വരണം. ഇതിന് പ്രദേശവാസികളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമം വേണം. ബ്രഹ്മപുരത്ത് പ്ലാന്റ് സ്ഥാപിക്കുന്നതിനു മുന്‍പായി നിരവധി ആശങ്കകള്‍ ഉയര്‍ന്നിരുന്നു. സ്തംഭനാവസ്ഥയില്‍ കിടന്നിരുന്ന പ്ലാന്റിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രായോഗിക നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സര്‍ക്കാര്‍ ഇടപെട്ട് ശാസ്ത്ര ഉപദേശകനായ എം. ചന്ദ്രദത്തനെ ചുമതലപ്പെടുത്തി. തുടര്‍ന്നാണ് പ്ലാന്റിന്റെ ശിലാസ്ഥാപനം ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. സ്തംഭനാവസ്ഥയില്‍ കിടന്ന പ്ലാന്റിനെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ ചന്ദ്രദത്തന്‍ മികച്ച പങ്കു വഹിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതിക്ക് കോട്ടം സംഭവിക്കാത്ത രീതിയിലായിരിക്കണം മാലിന്യ സംസ്‌കാരണ സംവിധാനം സ്ഥാപിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ കോര്‍പ്പറേഷനുകളിലും പ്രധാന നഗരസഭകളിലും കേന്ദ്രീകൃത ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ട് നഗരങ്ങളിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. അസാധ്യമായി കരുതിയിരുന്ന മാലിന്യ സംസ്‌കരണത്തെ സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. കൊച്ചിയില്‍ ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന മാലിന്യത്തില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സംസ്ഥാനത്തിനു മുഴുവന്‍ മാതൃകയാകും. പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി 20 ഏക്കര്‍ ഭൂമിയാണ് ജി ജെ കമ്പനിക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൈമാറുന്നത്. 18 മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതാണ് ഉത്തമം. പക്ഷേ കൊച്ചി പോലുള്ള വലിയ നഗരങ്ങളില്‍ ഉറവിട മാലിന്യ സംസ്‌കരണം പൂര്‍ണ്ണമാകാത്ത സാഹചര്യമാണുള്ളത്. നഗരത്തില്‍ കുന്നു കൂടുന്ന മാലിന്യങ്ങള്‍ നിരവധി പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റില്‍ ഗ്യാസിഫിക്കേഷന്‍ വഴി ലഭിക്കുന്ന താപ ഊര്‍ജം വൈദ്യുതിയായി മാറ്റും. വിഷമയമില്ലാത്ത വാതകമായിരിക്കും പുറത്തേക്ക് വിടുക. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നിശ്ചിത വിലയ്ക്ക് സര്‍ക്കാര്‍ വാങ്ങുന്നതിനും ധാരണയായിട്ടുണ്ട്. നാട്ടുകാരുടെ ആശങ്കകള്‍ പരിഹരിച്ചും കോര്‍പ്പറേഷന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചുമാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഉറവിട മാലിന്യ സംസ്‌കരണം മികച്ച രീതിയില്‍ നടപ്പാക്കുന്നതിന് ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. കൊച്ചി മേയര്‍ സൗമിനി ജെയിന്‍, പ്രൊഫ. കെ.വി. തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, പി.ടി. തോമസ്, എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ എം.പി. പി. രാജീവ്, മുന്‍ മേയര്‍ ടോണി ചമ്മണി, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ശാസ്ത്ര ഉപദേശകന്‍ എം. ചന്ദ്രദത്തന്‍, ജിജെ എക്കോ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ജിബി ജോര്‍ജ്, കമ്പനി പ്രതിനിധികളായ അമിത്, അഭിലാഷ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, കൗണ്‍സിലര്‍മാരായ പി.എം. ഹാരിസ്, കെ.വി.പി. കൃഷ്ണകുമാര്‍, ഗ്രേസി ജോസഫ്, മിനിമോള്‍, പൂര്‍ണ്ണിമ നാരായണന്‍, എ.ബി. സാബു തുടങ്ങിയവര്‍ പങ്കെടുത്തു.