കോട്ടയം: തിരഞ്ഞെടുപ്പില്‍ ഹരിത ചട്ട പാലനം ഉറപ്പാക്കുന്നതിനായി ഹരിത കേരളം മിഷനും ശുചിത്വ മിഷനും ചേര്‍ന്നു പുറത്തിറക്കിയ കൈപ്പുസ്തകം സ്ഥാനാര്‍ഥികള്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും വിതരണം ചെയ്തു തുടങ്ങി.

തിരഞ്ഞെടുപ്പില്‍ പരിസ്ഥിതി സൗഹൃദമല്ലാത്ത പ്രചാരണ സാമഗ്രികളും ഡിസ്‌പോസിബിള്‍ പാത്രങ്ങളും ഉപയോഗിച്ചാല്‍ സംസ്ഥാനത്ത് ആകെ ഏകദേശം 5776 ടണ്‍ മാലിന്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു.

പ്രചാരണത്തില്‍ ഹരിത ചട്ടപാലനം ഫലപ്രദമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചോദ്യോത്തരങ്ങളായാണ് ഇതില്‍ വിദശമാക്കുന്നത്. തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലും കൗണ്ടറുകളിലും സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രത്യേകമായി ചേര്‍ത്തിട്ടുണ്ട്.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലും വരണാധികാരികളുടെയും ഓഫീസുകളിലും എത്തിച്ചിട്ടുള്ള കൈപ്പുസ്തകം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്.