എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ പരിഹരിക്കാനും സംശയങ്ങള്‍ ദുരീകരിക്കാനും ആവശ്യമായ നിയമ നടപടി സ്വീകരിക്കാനും ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ചു.

ജില്ല കളക്ടര്‍ ആണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് കമ്മിറ്റിയുടെ കണ്‍വീനര്‍. കൊച്ചി സിറ്റി പോലീസ് മേധാവി, എറണാകുളം റൂറല്‍ പോലീസ് മേധാവി, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍, റെവന്യു വിജിലന്‍സ് സെൻട്രല്‍ സോണ്‍ ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ഇൻഫര്‍മേഷൻ ഓഫീസര്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. പരാതികള്‍ പരിഹരിക്കാനും സംശയങ്ങള്‍ ദുരീകരിക്കാനും രണ്ട് ദിവസം ഇടവേളയില്‍ കമ്മിറ്റി യോഗം ചേരും.

റെവന്യു വിജിലന്‍സ് സെൻട്രല്‍ സോണ്‍ ഡെപ്യൂട്ടി കളക്ടര്‍ പുഷ്പകുമാരി അമ്മ എം.ബിയാണ് പെരുമാറ്റച്ചട്ട
പരിപാലനത്തിൻറെ നോഡല്‍ ഓഫീസര്‍. ജൂനിയര്‍ സൂപ്രണ്ട് പി.ജെ ജൂപനെ നോഡല്‍ ഓഫീസറുടെ അസിസ്റ്റൻറായും വി. അജിത്കുമാറിനെ ഓഫീസ് അറ്റൻററായും നിയമിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ കണ്‍വീനര്‍ ആയ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് മീറ്റിങ്ങുകള്‍ യഥാക്രമം ക്രമീകരിക്കേണ്ടത്.