മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിന് യോഗങ്ങളും പരിപാടികളും നടത്താന്‍ ഇനി ഹാള്‍ അന്വേഷച്ച് നടക്കേണ്ട. ഒരേ സമയം 250 പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഹാളാണ് ഇവിടെ പൂര്‍ത്തിയായത്. ലോകബാങ്കിന്റെ ഫണ്ടുപയോഗിച്ചാണ് കോണ്‍ഫറന്‍സ് ഹാളിന്റെയും മീറ്റിങ് ഹാളിന്റെയും നിര്‍മ്മാണം. 63 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഹാളുകളുടെ ഉദ്ഘാടനം സംസ്ഥാന മന്ത്രിസഭയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തും. വന്‍തുക ഹാള്‍ വാടക നല്‍കിയായിരുന്നു പഞ്ചായത്ത് വിവിധ യോഗങ്ങളും പരിപാടികളും ഇതിന് മുമ്പ് നടത്തിയിരുന്നത്. എല്ലാ സൗകര്യവുമുള്ള കോണ്‍ഫറന്‍സ് ഹാള്‍ വേണമെന്നതിന്റെ അടിസ്ഥാനത്തില്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടം മൂന്നു നിലയാക്കാന്‍ ഭരണസമിതി മുന്നിട്ടിറങ്ങുകയായിരുന്നു.

മീറ്റിങ് ഹാളും കോണ്‍ഫറന്‍സ് ഹാളും നിര്‍മിക്കാന്‍ മാത്രമായി മൂന്നാം നിലയുടെ രൂപരേഖ തയ്യാറാക്കി പ്രവൃത്തി തുടങ്ങി. മുകളിലത്തെ നില രണ്ടു ഭാഗങ്ങളായി തിരിച്ചാണ് ഹാളിനായി സ്ഥലം കണ്ടെത്തിയത്. 10,70,000 രൂപയുടെ ഫര്‍ണിച്ചറുകള്‍ ഇരു ഹാളുകളിലും സജ്ജീകരിച്ചിട്ടുണ്ട്. റബ്‌കോയാണ് ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കാന്‍ കരാര്‍ ഏറ്റെടുത്തത്. മീറ്റിങ് ഹാളിനും ഫര്‍ണിച്ചറുകള്‍ക്കും കൂടി 20 ലക്ഷം രൂപ വിനിയോഗിച്ചു. ശേഷിക്കുന്ന തുക കോണ്‍ഫറന്‍സ് ഹാളിനും ചെലവാക്കി. മുറികള്‍ വാടകയ്‌ക്കെടുത്തും സ്‌കൂളുകളിലെ ഒഴിവുസമയങ്ങളും നോക്കി നടത്തിയിരുന്ന യോഗങ്ങള്‍ ഇനി പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ തന്നെ നടത്താന്‍ കഴിയും. കോണ്‍ഫറന്‍സ് ഹാള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും മറ്റും വാടകയ്ക്ക് നല്‍കാന്‍ കഴിയുന്നതിലൂടെ പഞ്ചായത്തിന് വരുമാനമാര്‍ഗ്ഗമാകുമെന്നും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ യഹ്യാഖാന്‍ തലയ്ക്കല്‍ പറഞ്ഞു.