മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തിലിന്‍ തുടങ്ങിയ പരിസ്ഥിതി വസ്തുകളില്‍ മാത്രമേ പ്രചാരണം നടത്താന്‍ പാടുകയുള്ളൂ എന്ന ഇലക്ഷന്‍ കമ്മീഷന്റെയും ഹൈക്കോടതിയുടെയും പരിസ്ഥിതി വകുപ്പിന്റെയും നിയമങ്ങള്‍ നില നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രിന്റിംഗ് സ്ഥാപനങ്ങളും തിരഞ്ഞെടുപ്പ് നിയമങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

ജില്ലാ ശുചിത്വ മിഷന്റെയും സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കേരളയുടെയും സംയുക്താഭിമുഖ്യത്തിലാണ് ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചത്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ മുന്‍കാലങ്ങളില്‍ ബാക്കിയുള്ള നിരോധിത ഫ്‌ളക്‌സ്, പ്ലാസ്റ്റിക് സാമഗ്രികള്‍ ഉപയോഗിച്ച് പ്രിന്റിംഗ് നടത്തിയത്  ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പിഴ, സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചു.

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തില്‍ പ്ലാസ്റ്റിക് -പേപ്പര്‍, നൂല്‍, റിബണ്‍, പി.വി.സി. എന്നിവ കൊണ്ടുള്ള ബോര്‍ഡ്, ബാനര്‍, കൊടിതോരണങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ഏത് തരം വസ്തുവില്‍ ഏത് സ്ഥാപനത്തില്‍ നിന്ന് ആരാണ് പ്രിന്റ് ചെയ്തത് എന്ന് കൃത്യമായി രേഖപ്പെടുത്തണം. റീസൈക്കിള്‍ ലോഗോ, റീസൈക്ലബിള്‍, പി.വി.സി. ഫ്രീ, എക്‌സ്പയറി ഡേറ്റ്, പ്രിന്റ് നമ്പര്‍, ആകെ കോപ്പികളുടെ എണ്ണം എന്നിവയും ബാനറിലും ബോര്‍ഡുകളിലും നിര്‍ബന്ധമാണ്.

നിയമപരമല്ലാത്ത സാമഗ്രികളില്‍ പ്രിന്റ് ചെയ്തത് പിടിച്ചെടുക്കാന്‍ അടുത്ത ദിവസം മുതല്‍ സ്‌ക്വാഡ് ഇറങ്ങും. നിയമം ലംഘിച്ച് പ്രിന്റിംഗ് നടത്തി നല്‍കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും 10,000, 25,000, 50,000 രൂപ സ്ഥാനാര്‍ത്ഥി/രാഷ്ട്രീയ പാര്‍ട്ടി/സ്ഥാപനങ്ങളില്‍ നിന്ന് ഫൈന്‍ ഈടാക്കാന്‍ പരിസ്ഥിതി നിയമവും, 2000 രൂപ പിഴ, 6 മാസം തടവ് ഇവ രണ്ടും കൂടി ഒന്നിച്ച് എന്നിവ 1994 ലെ പഞ്ചായത്ത് രാജ് നഗരപാലിക നിയമവും അനുശാസിക്കുന്നുണ്ട്.

എല്ലാവരും സഹകരിക്കണമെന്നും പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പായി വരും തെരഞ്ഞെടുപ്പ് മാറട്ടെയെന്നും ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.ടി. രാകേഷ് അഭ്യര്‍ത്ഥിച്ചു. ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഒ. ജ്യോതിഷ്, മലിനീകരണ നിയന്ത്രണ വിഭാഗം ജില്ലാ മേധാവി സൗമ ഹമീദ് എന്നിവര്‍ സെമിനാറില്‍ വിഷയാവതരണം നടത്തി. സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കേരള സംസ്ഥാന പ്രസിഡണ്ട് പി.പി. ഔസേപ്പച്ചന്‍ എറണാകുളം, സെക്രട്ടറി വിജയരാജ് തിരുവനന്തപുരം, ജില്ലാ പ്രസിഡണ്ട് റീഗല്‍ അബ്ബാസ് പെരിന്തല്‍മണ്ണ, സെക്രട്ടറി കാമിയോ മുസ്തഫ മലപ്പുറം, സംസ്ഥാന ജോയിന്റ് സെക്രട്ടറി സൈന്‍ വിസാര്‍ഡ് അബൂബക്കര്‍ സിദ്ധിക്ക് മഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.