കാസര്‍ഗോഡ്: സൗജന്യ ആന്റിജന്‍ പരിശോധന നടത്തുന്നതിന് കാഞ്ഞങ്ങാട് കിയോസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും, ഈ പ്രദേശത്തെ തദ്ദേശ സ്ഥാപനം ലൈസന്‍സ് നല്‍കിയിട്ടുള്ള എല്ലാ വ്യാപാര സ്ഥാപന ഉടമകളും തൊഴിലാളികളും പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതുപോലെ 14 ദിവസത്തിലൊരിക്കല്‍ കോവിഡ് പരിശോധന നടത്തണം.

വ്യാപാരികള്‍ നെഗറ്റീവ് റിപ്പോര്‍ട്ട് കടയില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംഘടിപ്പിച്ച ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സ്ഥാപനങ്ങളില്‍ മാത്രമേ ഇടപാട് നടത്തുകയുള്ളൂ എന്ന് പൊതുജനങ്ങള്‍ തീരുമാനമെടുക്കണമെന്ന് കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഏഴ് സി എഫ് എല്‍ ടി സികളില്‍ ഗുരുവനം കേന്ദ്രീയ വിദ്യാലയം, പടന്നക്കാട് കേന്ദ്ര സര്‍വകലാശാല പഴയ കെട്ടിടം, പെരിയ കേന്ദ്ര സര്‍വകലാശാല ഹോസ്റ്റല്‍ എന്നീ മൂന്ന് കേന്ദ്രങ്ങള്‍ മാത്രം നിലനിലര്‍ത്തി ബാക്കിയുള്ളവ ആവശ്യം വന്നാല്‍ ഏറ്റെടുക്കാവുന്നതാണ് എന്ന വ്യവസ്ഥയില്‍ തല്‍ക്കാലം വിട്ടു കൊടുക്കുന്നതിന് കോര്‍ കമ്മിറ്റി തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍, കോവിഡ് ആശുപത്രിയായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ അടിയന്തിരമായി ആവശ്യമുളള സ്റ്റാഫ് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ താല്‍ക്കാലികമായി നിയമിക്കുവാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കളക്ടര്‍ അനുമതി നല്‍കി

ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഡ്രൈവിങ്ങ് ടെസ്റ്റ് നടത്താന്‍ പാടുള്ളൂ എന്ന് ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം നിര്‍ദേശിച്ചു.

മൈതാനങ്ങളിലും ബീച്ചുകളിലും മറ്റും അനുവദനീയമായതില്‍ കൂടുതല്‍ ആള്‍ക്കാര്‍ കൂട്ടം ചേരുകയും കളികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതായി സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി എ.ഡി.എം എന്‍ ദേവീദാസ് പറഞ്ഞു. ടര്‍ഫ് ഗ്രൗണ്ടുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട്, കാണികള്‍ ഇല്ലാതെ പരമാവധി 20 പേര്‍ മാത്രം പങ്കെടുത്തു കൊണ്ട് കളികള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും തുറന്ന മൈതാനങ്ങളില്‍ കളിക്കാന്‍ അനുമതി നല്‍കിയിട്ടില്ലയെന്ന് കളക്ടര്‍ അറിയിച്ചു. ഇപ്രകാരം അനധികൃതമായി കൂട്ടം ചേരുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

ജില്ലയിലെ ബീച്ചുകള്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കര്‍ശനമായി കോവിഡ്ചട്ടങ്ങള്‍ ഉറപ്പുവരുത്തും. വിനോദ സഞ്ചാരികള്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. ശാരീരിക അകലം പാലിച്ചുകൊണ്ടും ബ്രേക്ക് ദി ചെയിന്‍ ഉറപ്പുവരുത്തിയും ആയിരിക്കും ഇവിടങ്ങളില്‍ സഞ്ചാരികളെ അനുവദിക്കുകയെന്ന് കളക്ടര്‍ പറഞ്ഞു.ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നപടപടി കൈകൊള്ളും.

ജില്ലയിലെ കടകളുടെയും ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം രാത്രി ഒന്‍പത് വരെയാണ്. തട്ടുകടകളില്‍ പാര്‍സലായി മാത്രമേ ഭക്ഷണം വില്‍ക്കാന്‍ പാടുള്ളൂ. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഗ്ലൗസ്, മാസ്‌ക് എന്നിവ ധരിക്കേണ്ടതും, കടയ്ക്കു മുന്നില്‍ ആള്‍ക്കാര്‍ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കേണ്ടതുമാണ്. ഈ നിര്‍ദേശത്തിന്റെ ലംഘനം കണ്ടാല്‍ മറ്റൊരു അറിയിപ്പ് കൂടാതെ ജെ.സി.ബി ഉപയോഗിച്ച് തട്ടുകട നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ യോഗത്തില്‍ പറഞ്ഞു