കാസര്‍ഗോഡ്:  പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ 2021 മായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടത്തി. നവംബര്‍ 16 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയെ സംബന്ധിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ ഡിസംബര്‍ 15 വരെ സ്വീകരിക്കും.

2003 ജനുവരി ഒന്നിനോ അതിനുമുമ്പോ ജനിച്ചവര്‍ക്ക് സംസ്ഥാനത്തെ നിയമ സഭ മണ്ഡലങ്ങളുടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്ക്കുന്നതിന് www.nvsp.in എന്ന വെബ്സൈറ്റിലൂടേയും വോട്ടര്‍ഹെല്‍പ്പ്ലൈന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന് വഴിയും അപേക്ഷിക്കാം. പുതിയ താമസ സ്ഥലത്ത് പേര് ചേര്‍ക്കുന്നതിനും പട്ടികയില്‍ നിലവിലുളള വോട്ടര്‍മാരുടെ വിവരങ്ങളില്‍എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ തിരുത്തുന്നതിനും ഓണ്‍ലൈന്‍ വഴി സൗകര്യമുണ്ട്.

നവംബര്‍ 16 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയുടെ പകര്‍പ്പ് ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ടേഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍ നിന്ന് വിതരണം ചെയ്യും. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്‍, തഹസില്‍ദാര്‍മാരായ എ വി രാജന്‍,എന്‍ മണിരാജ്,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി എച്ച് കുഞ്ഞമ്പു,എം കുഞ്ഞമ്പു നമ്പ്യാര്‍, മൂസ ബി ചെര്‍ക്കള, മനുലാല്‍ മേലത്ത്, കെ ആര്‍ ജയാനന്ദ എന്നിവര്‍ സംബന്ധിച്ചു.