തൃശ്ശൂർ: തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കുന്ന തീയതി മുതല്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുന്നത് വരെ പെരുമാറ്റച്ചട്ടം തുടരും.

ഈ കാലയളവില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍, കള്ളവോട്ട്, വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നടപടി പെരുമാറ്റ സംഹിത നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്മീഷന്‍ ഉറപ്പ് വരുത്തും.

തദ്ദേശ സ്ഥാപനത്തിന്റെയോ സര്‍ക്കാരിന്റേയോ, നേട്ടങ്ങള്‍ വിശദീകരിക്കുന്ന പരസ്യം പൊതു പണമുപയോഗിച്ച് അച്ചടി മാധ്യമങ്ങളിലോ ഇലക്ട്രോണിക് മാധ്യമങ്ങളിലോ സാമൂഹ്യ മാധ്യമങ്ങളിലോ നല്‍കാന്‍ പാടില്ല. കേന്ദ്ര സര്‍ക്കാര്‍ / സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിവിധ ഗ്രാമ/നഗര വികസന പദ്ധതികള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്.

ഇന്ദിര ആവാസ് യോജന, ബേസിക് സര്‍വ്വീസസ് ടു അര്‍ബന്‍ പുവര്‍, പ്രധാമന്ത്രി ആവാസ് യോജന, രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം വീട് ലഭിച്ച് നിര്‍മാണ ജോലികള്‍ ആരംഭിച്ചവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് തടസമില്ല. പക്ഷെ പദ്ധതി പ്രകാരം പുതിയ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതും അവര്‍ക്കുള്ള സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതും പണി ആരംഭിക്കുന്നതും തിരഞ്ഞെടുപ്പിന് ശേഷം.

റോഡ്, കുടിവെള്ള പദ്ധതി എന്നിവ സംബന്ധിച്ച് വിഗ്ദാനം നല്‍കുന്നതും സര്‍ക്കാരിലോ തദ്ദേശ സ്ഥാപനത്തിലോ താല്‍ക്കാലിക നിയമനം നടത്തുന്നതും അനുവദനീയമല്ല.

സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങള്‍ തിരഞ്ഞെടുപ്പ് വേളയില്‍ ഏതെങ്കിലും വ്യക്തിയുടേയോ, കമ്പനിയുടെയോ, സ്ഥാപനത്തിന്റേയോ വായ്പാ കുടിശ്ശിക ഒഴിവാക്കുന്ന നടപടി സ്വീകരിക്കരുത്. ഇത്തരം സ്ഥാപനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് കൊടുക്കുന്ന വായ്പയുടെ പരിധിയും ഉയര്‍ത്തരുത്