തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നിഷ്പക്ഷവും സുതാര്യവുമായി നിര്‍വ്വഹിക്കുന്നതിന് വിവിധ വാര്‍ത്താ മാധ്യമങ്ങളുടെ ആത്മാര്‍ത്ഥവും ക്രിയാത്മകവുമായ സഹകരണം അത്യന്താപേക്ഷിതമാണ്. വാര്‍ത്താമാധ്യമങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമായി നിര്‍വ്വഹിക്കുന്നതിനുള്ളതാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

1. വോട്ടെടുപ്പിന്റെ സമാപനത്തിന് നിശ്ചയിച്ചിട്ടുള്ള സമയത്തോടെ അവസാനിക്കുന്ന 48 മണിക്കൂര്‍ കാലയളവില്‍ ഒരാളും നിയോജകമണ്ഡലത്തില്‍ ഏതെങ്കിലും പൊതുയോഗം വിളിച്ചു കൂട്ടുകയോ അതില്‍ പങ്കെടുക്കുകയോ പാടില്ല.
2. വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ യാതൊരു മാധ്യമത്തിലൂടെയും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നുതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ പാടില്ല.
3. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിക്കോ സ്ഥാനാര്‍ത്ഥിക്കോ അനുകൂലമാകുന്നതോ പ്രതികൂലമാകുന്നതോ ആയ രീതിയില്‍ എക്‌സിറ്റ്‌പോള്‍ നടത്തുന്നതും അത് സംബന്ധിച്ച് ഫലപ്രഖ്യാപനം നടത്തുന്നതും തടഞ്ഞിട്ടുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ഒരു തരത്തിലുള്ള സംപ്രേഷണത്തിലും ഇത്തരത്തിലുള്ള ഉള്ളടക്കം ഉണ്ടാകാതെ ശ്രദ്ധിക്കണം.
4. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവില്‍ വന്ന ശേഷം കേബിള്‍ നെറ്റ്‌വര്‍ക്ക് (റഗുലേഷന്‍) ആക്ടിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളും ചുമതലപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. ബ്രോഡ്കാസ്റ്റിംഗ് കണ്ടന്ററ് കംപ്ലെയിന്റ് കൗണ്‍സില്‍ നല്‍കിയിട്ടുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

5. പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അച്ചടിമാധ്യമങ്ങള്‍ക്കായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിദ്ധം ചെയ്തിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പിനും ബാധകമാണ്.
6. തിരഞ്ഞെടുപ്പ് സംപ്രേക്ഷണം സംബന്ധിച്ച് എംബിഎസ്എ (ന്യൂസ് ബ്രോഡ് കാസ്റ്റിംഗ് സ്റ്റാന്റേര്‍ഡ് അതോറിറ്റി) നല്‍കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്
7. തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായുള്ള പരാതികളില്‍മേലും മറ്റേതെങ്കിലും മാധ്യമ സംബന്ധിയായ കാര്യങ്ങള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുവാനായി ജില്ലാതല മീഡിയ റിലേഷന്‍ സമിതി രൂപീകരിക്കും