തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ജില്ലാ തലത്തിൽ ഏകോപിപ്പിക്കാൻ പോൾ മാനേജർ ആപ്പ് തയാറായി. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ(എൻഐസി) തയാറാക്കിയ പോൾ മാനേജർ ആപ് വഴിയാണ് വോട്ടിങ് യന്ത്രങ്ങൾ പോളിങ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങുന്നതുമുതൽ വോട്ടെടുപ്പ് കഴിഞ്ഞ് അവ തിരികെ ഏൽപ്പിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ക്രോഡീകരിക്കുന്നത്.

ജില്ലയിൽ വോട്ടെടുപ്പ് ദിനമായ ഡിസംബർ എട്ടിനും തലേന്നുമാണ് പോൾ മാനേജർ ആപ്പ് ഉപയോഗിക്കുന്നത്. വോട്ടെടുപ്പ് ദിവസം കൃത്യമായ ഇടവേളകളിൽ ബൂത്തുകളിൽനിന്നുള്ള വോട്ടിങ് ശതമാനം ഈ ആപ് വഴിയാണ് ജില്ലാ കൺട്രോൾ റൂമിൽ ലഭ്യമാകുന്നത്.

മുൻകൂട്ടി തയാറാക്കിയ 21 ചോദ്യാവലികളാണ് ആപിലുള്ളത്. പ്രിസൈഡിങ് ഓഫിസർ, ഫസ്റ്റ് പോളിങ് ഓഫിസർ, സെക്ടറൽ ഓഫിസർ എന്നിവരാകും ആപ് ഉപയോഗിക്കുക. ജില്ലാതല നോഡൽ ഓഫിസർമാരാണ് ഇവർ ആപിൽ അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങൾ ക്രോഡീകരിക്കുന്നത്.