കോട്ടയം: തിഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി പ്രവര്‍ത്തനമാരംഭിച്ചു.

വോട്ടെടുപ്പിന്റെ സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്താന്‍ പാടില്ല. പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കോ സ്ഥാനാര്‍ത്ഥിക്കോ അനുകൂലമോ പ്രതികൂലമോ ആകുന്ന വിധത്തില്‍ എക്സിറ്റ് പോള്‍ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും അനുവദിനീയമല്ല. ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നുണ്ട്.

കേബിള്‍ നെറ്റ്‌വര്‍ക്ക് (റെഗുലേഷന്‍) നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണം. പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷനില്‍ അംഗത്വമുള്ള ടി.വി ചാനലുകള്‍ക്കു വേണ്ടി ബ്രോഡ്കാസ്റ്റിംഗ് കണ്ടന്റ് കംപ്ലൈന്റ്‌സ് കൗണ്‍സിലും അച്ചടി മാധ്യമങ്ങള്‍ക്കായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് സംപ്രേഷണം സംബന്ധിച്ച് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിന് ബാധകമാണ്.

സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായുള്ള പരാതികളിലും തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളിലും തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുകയാണ് സമിതിയുടെ ചുമതല.

ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, അംഗങ്ങളായ പി.ആര്‍.ഡി കോട്ടയം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ കുന്നത്ത്,
കളക്ടറേറ്റ് ലോ ഓഫീസര്‍ ഹാരിസ് മുഹമ്മദ് , മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജ് ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

മീഡിയ റിലേഷന്‍സ് സമിതിക്ക് ഫോണിലൂടെയും ഇ-മെയില്‍ വഴിയും പരാതികള്‍ നല്‍കാം. ഫോണ്‍-0481 2562558, pollmediaktm@gmail.com