എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ കക്ഷി നേതാക്കളുടെയും യോഗം ജില്ല കളക്ടര്‍ എസ് സുഹാസിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്നു.

തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പെരുമാറ്റച്ചട്ടത്തിന്‍റെ പാലനം, ഹരിത പെരുമാറ്റച്ചട്ടം, കോവിഡ് 19 മാനദണ്ഡങ്ങള്‍ എന്നിവയെ കുറിച്ച് കളക്ടര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. കോവിഡ് 19 മാനദണ്ഡങ്ങള്‍ തിരഞ്ഞെടുപ്പിന്‍റെ എല്ലാ ഘട്ടത്തിലും നിര്‍ബന്ധമായി പാലിക്കണം, ഹരിത പെരുമാറ്റച്ചട്ടപാലനത്തിലും പ്രത്യേക ശ്രദ്ധ വേണമെന്നും
കളക്ടര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ഹരിത ചട്ട പാലനം ഉറപ്പാക്കുന്നതിനായി ഹരിത കേരളം മിഷനും ശുചിത്വ മിഷനും ചേര്‍ന്നു പുറത്തിറക്കിയ കൈപ്പുസ്തകം യോഗത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് കൈമാറി. പ്രചരണ വേളയിലും തിരഞ്ഞടുപ്പിലും ഹരിത പെരുമാറ്റച്ചട്ടം ഫലപ്രദമായി പാലിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഹരിത പെരുമാറ്റച്ചട്ടം ഉറപ്പാക്കേണ്ടതെങ്ങനെയെന്ന് ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചു നല്‍കി.ജില്ലയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ സി.വി സാജന്‍, എ.ഡി.എം. സാബു കെ ഐസക്ക്, എച്ച്.എസ് ജോര്‍ജ്ജ് ജോസഫ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.