തിരുവനന്തപുരത്തെ സമ്പൂര്‍ണ ശ്രവണ സൗഹൃദ ജില്ലയായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജില്ലയില്‍ പ്രസവ ചികിത്സയുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും നവജാത ശിശുക്കളെ ഇനി മുതല്‍ 48 മണിക്കൂറിനുള്ളില്‍ കേള്‍വി പരിശോധനയ്ക്ക് വിധേയമാക്കും. നവജാത ശിശുക്കളില്‍ ശ്രവണ വൈകല്യം നേരത്തെ കണ്ടെത്തുന്നതിലൂടെ കുറഞ്ഞ ചെലവില്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും. മാത്രമല്ല ശ്രവണ വൈകല്യം മൂലമുണ്ടാകുന്ന മാനസിക വളര്‍ച്ചാ മുരടിപ്പ് തടയാനും ഇതിലൂടെ കഴിയും. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് ആണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. ഷിനു, ഡി.പി.എം ഡോ. അരുണ്‍ പി.വി, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ദിവ്യ സദാശിവന്‍, ഹിയറിങ് സ്‌ക്രീനിംഗ് ജില്ല കോ-ര്‍ഡിനേറ്റര്‍ ഡോ. പ്രവീണ്‍ കെ. എസ്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് ജില്ലാ പ്രസിഡന്റ് ഡോ. ബെന്നറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.