നവംബർ 25 ന് വൈകീട്ടോടെ ‘നിവർ’ ചുഴലിക്കാറ്റ് തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളിൽ തീരപതനം (Landfall) ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘നിവർ’ ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 7 കിമീ വേഗതയിൽ സഞ്ചരിച്ച് 2020 നവംബർ 24 ഉച്ചക്ക് 2.30 ന് 10.0°N അക്ഷാംശത്തിലും 82.6°E രേഖാംശത്തിലുമെത്തിയിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 12 മണിക്കൂറിൽ ചുഴലിക്കാറ്റ് കൂടുതൽ തീവ്രത കൈവരിച്ച് ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറുകയും പിന്നീടുള്ള 12 മണിക്കൂറിൽ അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറുമെന്നും പ്രവചിക്കപ്പെട്ടിരിക്കുന്നു. ചുഴലിക്കാറ്റിനകത്തെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 89 മുതൽ 117 കിമീ വരെയുള്ള ചുഴലിക്കാറ്റുകളാണ് ‘ശക്തമായ ചുഴലിക്കാറ്റുകൾ’. ചുഴലിക്കാറ്റിനകത്തെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 118 മുതൽ 166 കിമീ വരെയുള്ള ചുഴലിക്കാറ്റുകളാണ് ‘അതിശക്തമായ ചുഴലിക്കാറ്റുകൾ’.

2020 നവംബർ 25 ന് വൈകീട്ടോട് കൂടി ചുഴലിക്കാറ്റ് കാരയ്ക്കലിനും മാമല്ലപുരത്തിനും ഇടയിലൂടെ പുതുച്ചേരി തീരത്ത് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപതനസമയത്ത് മണിക്കൂറിൽ 120 മുതൽ 130 കിമീ വരെ വേഗതയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേരളത്തിനുള്ള മുന്നറിയിപ്പ്

നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ചുഴലിക്കാറ്റിന്റെ രൂപീകരണവും വികാസവും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മുന്നറിയിപ്പുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ ഗൗരവത്തോടെ പരിഗണിക്കണമെന്ന് നിർദേശിക്കുന്നു.

KSEOC-KSDMA-IMD
പുറപ്പെടുവിച്ച സമയം : 2020 നവംബർ 24, 6 PM