തിരുവനന്തപുരത്ത് ചൊവ്വാഴ്ച (24 നവംബര്‍ 2020) 350 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 441 പേര്‍ രോഗമുക്തരായി. നിലവില്‍ 4,520 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.
ജില്ലയില്‍  നാലു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പുന്നമൂട് സ്വദേശിനി ആലിസ്(64), പഴയകട സ്വദേശി വിന്‍സന്റ് രാജ്(63), പത്താംകല്ല് സ്വദേശി മുഹമ്മദ് ഹുസൈന്‍(65), വര്‍ക്കല സ്വദേശിനി ഇന്ദിര(65) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ മൂന്നുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,605 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 26,456 പേര്‍ വീടുകളിലും 133 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,631 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.