ഇടുക്കി: ജില്ലയില്‍ ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഇന്ന് (25 നവംബർ) മുതല്‍. സ്‌ക്വാഡുകളിലുള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സ്‌ക്വാഡുകള്‍ ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി, എ ഡി എം ആന്റണി സ്‌കറിയ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സാജന്‍ വി കുര്യാക്കോസ്, ജില്ലാ, താലൂക്ക്തല സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

♦️സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം:♦️

നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്‌മെന്റ്, മീറ്റിംഗുകള്‍, മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണപരിപാടികള്‍ എന്നിവയുടെ നിയമസാധുത പരിശോധിക്കുക.
പ്ലാസ്റ്റിക്, ഫ്‌ലക്‌സ് മുതലായവയുടെ ഉപയോഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവയിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുക. നിയമപരമല്ലാത്ത പ്രചാരണപരിപാടികള്‍ ഉടന്‍തന്നെ

നിര്‍ത്തി വയ്പിക്കേണ്ടതും ഇത്തരത്തിലുള്ള പോസ്റ്ററുകളോ ബോര്‍ഡുകളോ ഉണ്ടെങ്കില്‍ നീക്കം ചെയ്യുവാന്‍ നിര്‍ദ്ദേശിക്കേണ്ടതുമാണ്.
ഇപ്രകാരമുള്ള നിര്‍ദ്ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കേണ്ടതും അത് സംബന്ധിച്ച ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതിന് നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കേണ്ടതുമാണ്.