കൊല്ലം : കോവിഡ് സ്ഥിരീകരിച്ച വ്യക്തികളില്‍ തുടര്‍ പരിശോധനകള്‍ നടത്തുന്നതിനുള്ള മാനദണ്ഡം സര്‍ക്കാര്‍ പുതുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ഇതുപ്രകാരം ഒരിക്കല്‍ രോഗമുക്തി നേടിയവര്‍ തുടര്‍ന്ന് മൂന്നു മാസക്കാലയളവില്‍ വീണ്ടും സ്രവ പരിശോധന നടത്തേണ്ടതില്ല.

രോഗമുക്തിക്ക് ശേഷം മൂന്നു മാസംവരെ ശരീരത്തില്‍ കോവിഡ് 19 വൈറസിന്റെ   റൈബോ ന്യൂക്ലിക് ആസിഡ്(ആര്‍ എന്‍ എ ) സാന്നിധ്യമുണ്ടാകും ഇത് 104 ദിവസം വരെ കാണപ്പെടുന്നുണ്ട്. ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ ആര്‍ എല്‍ എ യുടെ സാന്നിധ്യമാണ് തിരിച്ചറിയുന്നത്. ഇത് വീണ്ടും രോഗബാധ ഉണ്ടായതായി തെറ്റിദ്ധരിക്കാന്‍ ഇടയാക്കുന്നുണ്ട്.

ശരീരത്തില്‍  കൊറോണ വൈറസിന്റെ ആര്‍ എന്‍ എ സാന്നിധ്യം രോഗപ്രതിരോധത്തിന് സഹായകമായ ഘടകമാണ്.
രോഗമുക്തി നേടിയ ഒരാള്‍ ശസ്ത്രക്രിയ, ഡയാലിസിസ് എന്നിവ നടത്തേണ്ട സാഹചര്യമുണ്ടായാലും ശബരിമല തീര്‍ത്ഥാടനത്തിന് വേണ്ടി കോവിഡ് പരിശോധന വീണ്ടും നടത്തേണ്ട സാഹചര്യം ഉണ്ടായാലും ആന്റിജന്‍ പരിശോധന മാത്രം നടത്തിയാല്‍ മതി. പുതിയ രോഗബാധ ആന്റിജന്‍ പരിശോധനയിലൂടെ  സ്ഥിരീകരിക്കുന്നതിന് കഴിയുമെന്നും ഡി എം ഒ അറിയിച്ചു.