കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ കോട്ടയം ജില്ലയിലെ പൊതു നിരീക്ഷകനായി നിയോഗിക്കപ്പെട്ട വനം വകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ജോര്‍ജി പി. മാത്തച്ചന്‍ ചുമതലയേറ്റു.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജനയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. തിരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ വിശദീകരിച്ച കളക്ടര്‍ ജില്ലാ തിരഞ്ഞെടുപ്പ് പ്ലാന്‍ നിരീക്ഷകന് കൈമാറി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ .ടി. മനോജ്, എഡിഎം അനില്‍ ഉമ്മന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

പ്രചാരണം, പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം, വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണം, കോവിഡ് പ്രതിരോധം ഉറപ്പാക്കല്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് പൊതുനിരീക്ഷകന്‍റെ ചുമതല.

തിരഞ്ഞെടുപ്പുമായും പെരുമാറ്റച്ചട്ടവുമായും ബന്ധപ്പെട്ട പരാതികള്‍ പൊതു പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും 9447979040 എന്ന നമ്പരില്‍ നിരീക്ഷകനെ അറിയിക്കാം.  ഇ-മെയില്‍ വിലാസം observercellktm@gmail.com