തൃശ്ശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായതോടെ ജില്ലയില്‍ ബാലറ്റ് പേപ്പറുകളുടെ അച്ചടി ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലേക്കുളള ബാലറ്റ് പേപ്പറുകളുടെ അച്ചടിയാണ് കാക്കനാട് ഗവ പ്രസ്സില്‍ ആരംഭിച്ചത്. തൃശൂരിനൊപ്പം എറണാകുളം ജില്ലയുടെയും ബാലറ്റ് പേപ്പറുകളും ഇവിടെ അച്ചടിക്കുന്നുണ്ട്. രണ്ട് ജില്ലകളിലേക്കുമായി 4107 ബാലറ്റുകളാണ് അച്ചടിക്കുക.

ഇത്തവണ മൂന്ന് നിറങ്ങളിലുള്ള ബാലറ്റുകളാണ് തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലേക്ക് വെള്ള, ബ്ലോക്ക് പഞ്ചായത്തിലേക്ക് പിങ്ക്, ജില്ലാ പഞ്ചായത്തിലേക്ക് നീല എന്നീ നിറങ്ങളിലുള്ള ബാലറ്റുകളാണ് അച്ചടിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ ബാലറ്റ് പേപ്പറില്‍ ഉപയോഗിക്കുന്നില്ല.

ഗ്രാമപഞ്ചായത്തുകളില്‍ ഒരു പോളിംഗ് സ്റ്റേഷനിലേക്ക് 50 ബാലറ്റ് പേപ്പറുകളും നഗരസഭാ പരിധിയില്‍ 70 ബാലറ്റുകളുമാണ് നല്‍കുന്നത്. വരണാധികാരികള്‍ പ്രസില്‍ നേരിട്ടെത്തി അംഗീകരിച്ചു നല്‍കുന്ന സ്ഥാനാര്‍ത്ഥി പട്ടികയാണ് പ്രിന്റിംഗിനായി മാറ്റുന്നത്. കൂടുതല്‍ തെളിമയുള്ളതും മൃദുവായതുമായ
സൂപ്പര്‍ പ്രിന്റ് വിഭാഗത്തില്‍പെട്ട പേപ്പറാണ് ബാലറ്റ് പേപ്പറിനായി ഉപയോഗിക്കുന്നത്.