തൃശ്ശൂര്‍: ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിക്കുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കോഡ് പ്രതിരോധത്തിനായുള്ള കിറ്റ് എത്തി. മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയവയാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്. 3331 പോളിങ് ബൂത്തുകളിലേക്കുള്ള കിറ്റുകളാണ് എത്തിയത്. ഒരു ബാഗില്‍ 20 കിറ്റുകള്‍ ഉണ്ടാകും. ഇത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിനോടു ചേര്‍ന്ന കോസ്റ്റ് ഫോര്‍ഡില്‍ സൂക്ഷിച്ചിട്ടുണ്ട്. വെള്ളിയാഴ്ച (27.11.2020) രാവിലെ മുതല്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എ വി അബ്ദുല്‍ ലത്തീഫ് അറിയിച്ചു .

തൃശൂര്‍ കോര്‍പ്പറേഷന്‍, 7 നഗരസഭ, 16 ബ്ലോക്ക് പഞ്ചായത്ത് എന്നിവടങ്ങളിലേക്ക് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ മുഖേന ആദ്യം കിറ്റുകള്‍ കൈമാറും. തുടര്‍ന്ന് അവിടെ നിന്ന് ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ തരം തിരിച്ചു നല്‍കും. ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് വിവിധ പഞ്ചായത്തുകളിലേക്കും കിറ്റുകള്‍ കൈമാറും. കിറ്റുകളുടെ വിതരണത്തിനായി ബൂത്ത് അടിസ്ഥാനത്തില്‍ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ജില്ല ഡ്രഗ് വെയര്‍ ഹൗസ് മുഖേനയാണ് കിറ്റുകള്‍ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന്‍ എത്തിച്ച പോസ്റ്റല്‍ ബാലറ്റുകള്‍, വിവിധ കവറുകള്‍, സാനിറ്റൈസര്‍ എന്നിവയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.