തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം. കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമത്തില്‍ ഭേദഗതി വരുത്തിയ വിജ്ഞാപനം പുറത്തിറക്കിയാണ് ഇവര്‍ക്ക് വോട്ടു ചെയ്യാനുള്ള അവസരം നല്‍കുന്നത്.
കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് പുതിയ നിയമം. വൈകീട്ട് അഞ്ചു മുതല്‍ ആറുവരെയുള്ള ഒരു മണിക്കൂര്‍ ഇതിന് പ്രത്യേക സൗകര്യമൊരുക്കും. ബൂത്തുകളില്‍ മുഴുവന്‍ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ധരിച്ചാണ് കോവിഡ് രോഗികളെ കാത്തിരിക്കുക. കോവിഡ് രോഗികളെ സ്പെഷ്യല്‍ വോട്ടര്‍മാര്‍ എന്ന നിര്‍വചനം നല്‍കിയാണ് പുതിയ നിയമ ഭേദഗതി.
കോവിഡ് രോഗബാധിതരായവര്‍ക്ക് വോട്ടെടുപ്പിന് 10 ദിവസം മുന്‍പ് മുതല്‍ വോട്ടെടുപ്പിന്റെ തലേദിവസം വൈകീട്ട് മൂന്നു മണി വരെ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിനും അപേക്ഷിക്കാം. ഇവരുടെ പ്രത്യേക പട്ടിക തയ്യാറാക്കും. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് തപാല്‍ വോട്ടിന് മാത്രമായിരിക്കും അര്‍ഹത. വോട്ടെടുപ്പിന് തലേദിവസം വൈകീട്ട് മൂന്ന് മണിക്ക് ശേഷം അപേക്ഷിക്കുന്നവര്‍ക്കാണ് ബൂത്തുകളില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ അനുമതി. എന്നാല്‍ മൂന്ന് മണിക്ക് ശേഷം കോവിഡ് നെഗറ്റീവ് ആകുന്ന രോഗികള്‍ക്ക് സാധാരണ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കില്ല. നേരത്തെ തന്നെ കോവിഡ് രോഗികളുടെ ലിസ്റ്റില്‍ ഇവരെ ഉള്‍പ്പെടുത്തിയതിനാല്‍ അതേ രീതിയില്‍ മാത്രമാണ് ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി.
കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സമയം കണ്ടെത്തണമെന്നാണ് ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല, തൊട്ടടുത്ത ദിവസങ്ങളില്‍ കോവിഡ് ബാധിച്ചവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. പിപിഇ കിറ്റ് അടക്കമുള്ള സജ്ജീകരണങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തും.