കോവിഡ് രണ്ടാം തരംഗത്തിന് സാധ്യത; ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു

കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത പരിഗണിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷനായി. കോവിഡ് നിയന്ത്രണങ്ങള്‍ താഴെ പറയുന്ന പ്രകാരം കൂടുതല്‍ കര്‍ശനമാക്കും.

· ഹോട്ടലുകള്‍ രാത്രി ഒമ്പത് വരെ മാത്രം

ജില്ലയില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം രാത്രി ഒമ്പത് വരെ മാത്രമേ അനുവദിക്കു. രാത്രി 11 വരെ തുറക്കാന്‍ അനുവദിക്കണമെന്ന ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയിലാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് സമയം നീട്ടാനാവില്ലെന്ന് കളക്ടര്‍ അറിയിച്ചത്.

· തട്ടുകടകളില്‍ പാഴ്‌സല്‍ മാത്രം

ജില്ലയിലെ തട്ടുകടകള്‍ക്ക് വൈകീട്ട് വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പാഴ്‌സല്‍ മാത്രമേ വിതരണം ചെയ്യാന്‍ അനുമതിയുള്ളൂ. തട്ടുകടകള്‍ക്ക് സമീപം നിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. നിയമ വിരുദ്ധമായ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ജെ സി ബി ഉപയോഗിച്ച് പൊളിച്ചു നീക്കും. പൊതുജനതാല്‍പര്യം മുന്‍ നിര്‍ത്തിയാണ് തീരുമാനം. തട്ടുകടകള്‍ നിയമം ലംഘനം തുടര്‍ന്നാല്‍ നടപടി കര്‍ശനമാക്കുന്നതിന് മാഷ് പദ്ധതിയുടെ ഭാഗമായ അധ്യാപകരെ ചുമതലപ്പെടുത്തി. ഇതിന് ആവശ്യമായ പോലീസ്, റവന്യു വകുപ്പുകളുടെ സഹായവും ലഭ്യമാക്കും.

· കടകളിലെ ജീവനക്കാര്‍ ഗ്ലൗസും മാസ്‌കും ധരിക്കണം

ജില്ലയിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഉള്‍പ്പടെ എല്ലാ കടകളിലും ഉടമകളും ജീവനക്കാരും ഗ്ലൗസും മാസ്‌കും ധരിക്കണം. ഇത് പരിശോധിക്കാന്‍ മാഷ് പദ്ധതിയിലെ അധ്യാപകരെ നിയോഗിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്തണനിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും.

· അതിഥി തൊഴിലാളികള്‍ ക്വാറന്റൈന്‍ നില്‍ക്കണം

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിഥി തൊഴിലാളികള്‍ ജില്ലയില്‍ എത്തിതുടങ്ങിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ ജില്ലയില്‍ വന്നാല്‍ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പുറത്തിറങ്ങി തൊഴിലെടുക്കാന്‍ അനുവദി ക്കൂ. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കും. തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാര്‍ തൊഴിലാളികളുടെ ഉത്തരവാദിത്തമേറ്റെടുക്കണം. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തി. ജില്ലാ ലേബര്‍ ഓഫീസര്‍ ഒരാഴ്ചക്കകം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

· ഡ്രൈവിങ് ടെസ്റ്റിന് വരുന്നവരും കൂടെ വരുന്നവരും ആന്റിജന്‍ പരിശോധന നടത്തണം

ഡ്രൈവിങ് ടെസ്റ്റിനു വരുന്നവരും കൂടെ വരുന്നവരും ആന്റിജന്‍ പരിശോധന നടത്തണം. ടെസ്റ്റ് ഗ്രൗണ്ടിന് സമീപം സൗജന്യ ആന്റിജന്‍ ടെസ്റ്റിന് ആരോഗ്യ വകുപ്പ് സൗകര്യം ഒരുക്കും. ആന്റിജന്‍ പരിശോധന ജില്ലയില്‍ കൂട്ടിയിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ പേര്‍ പരിശോധനയ്ക്ക് സന്നദ്ധമാകണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

· ജില്ലാ ആശുപത്രി ഡിസംബര്‍ ഒന്നു മുതല്‍ പഴയതുപോലെ പ്രവര്‍ത്തിക്കും

കോവിഡ് ആശുപത്രിയായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഡിസംബര്‍ ഒന്നു മുതല്‍ പഴയതുപോലെ പ്രവര്‍ത്തനം പുനരാരംഭിക്കും. ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജിലും തെക്കില്‍ ചട്ടഞ്ചാല്‍ കോവിഡ് ആശുപത്രിയിലും അതീവഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ ഉടന്‍ സജ്ജമാകുമെന്ന് ഡി എം ഒ പറഞ്ഞു.

· ജില്ലയില്‍ ആഘോഷ പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കില്ല

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ 50 ശതമാനം ആളുകളെ ഉള്‍പ്പെടുത്തി പരിശീലനം പുനരാരംഭിക്കാന്‍ അനുമതി.

· പച്ചക്കറി പഴം വില്‍പന കടകള്‍ ഉള്‍പ്പടെയുള്ള കടകളിലെ ജീവനക്കാര്‍ ആന്റിജന്‍ ടെസ്റ്റ് നടത്തണം.

· മലയോരങ്ങളിലെ പട്ടികവര്‍ഗ കോളനികളില്‍ കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കണം.

· കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത കോളനികളില്‍ കാലതാമസം കൂടാതെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ, ഡി എം ഒ ഡോ.എ.വി. രാംദാസ്, എ ഡി എം എന്‍. ദേവീദാസ,് സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ആര്‍ ഡി ഒ ഷുക്കൂര്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.