തൃശ്ശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ബൂത്തുകളിൽ ഡ്യൂട്ടി നിർവഹിക്കേണ്ട ഉദ്യോഗസ്ഥരുടെ നിയമന നടപടികൾ ഇ- ഡ്രോപ്പ് (E-Drop) സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പൂർത്തിയാക്കി. ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകളും സോഫ്റ്റ്‌വെയറിൽ പ്രസിദ്ധീകരിച്ചു.

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും സോഫ്റ്റ്‌വെയറിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിയമന ഉത്തരവിന്റെ പകർപ്പെടുത്ത് ബന്ധപ്പെട്ട സ്ഥാപന മേധാവിമാർക്ക് നവംബർ 27 ന് തന്നെ നൽകി വിതരണ നടപടികൾ പൂർത്തീകരിക്കണം. എല്ലാ സ്ഥാപനമേധാവിമാരും ഉത്തരവ് കൈപ്പറ്റുന്നതിനായി നവംബർ 27, 28, 29 തീയതികളിൽ അതത് സ്ഥാപനങ്ങളിൽ ഹാജരാകണം.

പോളിംഗ് ഡ്യൂട്ടിയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ള പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്കുള്ള പരിശീലന ക്ലാസുകൾ നവംബർ 30, ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവിൽ അവർക്കുള്ള പരിശീലന ക്ലാസിലെ സ്ഥലം, തീയതി, സമയം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.

നിയമന ഉത്തരവ് ലഭിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും
തിരഞ്ഞെടുപ്പ് പരിശീലന ക്ലാസുകളിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നും ക്ലാസുകളിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്നും വരണാധികാരി കൂടിയായ ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു.