തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നവരുടെ കണക്കുകളില്‍ മുന്നിലുള്ളത് വനിതാ വോട്ടര്‍മാര്‍. ജില്ലയില്‍ ആകെ 26,91,371 വോട്ടർമാരിൽ 14,24,163 പേരും വനിതകളാണ്. തൃശൂര്‍ കോര്‍പ്പറേഷനിലും വനിതാ വോട്ടര്‍മാരാണ് കൂടുതല്‍. കോര്‍പ്പറേഷനില്‍ ആകെയുള്ള 2,65,183 വോട്ടര്‍മാരില്‍ 1,39,803 പേരും വനിതകളാണ്. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വനിതാ വോട്ടര്‍മാരുള്ള ഗ്രാമപഞ്ചായത്താണ് പാണഞ്ചേരി. ആകെയുള്ള 40,452 വോട്ടര്‍മാരില്‍ 21,086 പേരും വനിതകളാണ്. എന്നാല്‍ ജില്ലയില്‍ ഏറ്റവുമധികം വോട്ടര്‍മാരുളളത് പൂത്തൂര്‍ ഗ്രാമപഞ്ചായത്തിലാണ്. ആകെ 40,897 വോട്ടര്‍മാരാണ് പൂത്തൂരിലുള്ളത്. ജില്ലയിലെ ഏഴു നഗരസഭകളിലും വനിതാ വോട്ടര്‍മാരാണ് കൂടുതല്‍. കൂടുതല്‍ വോട്ടര്‍മാരുള്ള ഗുരുവായൂര്‍ നഗരസഭയില്‍ 62,613 വോട്ടര്‍മാരില്‍ 33,560 പേര്‍ വനിതകളാണ്. വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ആകെയുള്ള 57,624 വോട്ടര്‍മാരില്‍ 30,139 പേരും വനിതാ വോട്ടര്‍മാരാണ്. ചാലക്കുടി – 22,866, ഇരിങ്ങാലക്കുട – 29,573, ചാവക്കാട് – 17,907, കുന്നംകുളം – 24,008, വടക്കാഞ്ചേരി-26,970 എന്നിങ്ങനെയാണ് നഗരസഭകളിലെ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം.